ആശുപത്രിയില്‍ സൗകര്യങ്ങളില്ല; മരണം വരെ സംഭവിക്കാം; കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ്, സൂപ്രണ്ട് ഇടപെട്ട് കീറി കളഞ്ഞു

Spread the love

പത്തനംതിട്ട : സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ്. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് തുറന്നുപറഞ്ഞാണ് മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗത്തില്‍ നോട്ടീസ് പതിച്ചത്. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസില്‍ പറയുന്നു. ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്വം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങള്‍ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു.

video
play-sharp-fill

വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകള്‍ക്കുള്ളില്‍ നിന്ന് രോഗികള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീലുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഫാർമസി ഇല്ലാത്ത അവസ്ഥയാണ് കോന്നി മെഡിക്കല്‍ കോളേജിലുള്ളത് തുടങ്ങി എട്ട് കാര്യങ്ങള്‍ സൂചിപ്പിച്ചാണ് നോട്ടീസ്. ഇത്രയൊക്കെ പോരായ്മകള്‍ അറിഞ്ഞുകൊണ്ട് മരണം വന്നാല്‍ കൂടെയും ഓപ്പറേഷൻ ചെയ്യാൻ പൂർണ്ണ സമ്മതമാണെന്ന് രോഗി അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടതോടെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു. സംഭവത്തില്‍ സർജറി വിഭാഗം മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.