
പത്തനംതിട്ട: കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളിലെ ചികിത്സാപ്പിഴവ് മൂലം യുവാവിന്റെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി.
കലഞ്ഞൂർ സ്വദേശിയായ അഭിമന്യു (30) ആണ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ രംഗത്തെത്തിയത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന യുവാവ് കിടപ്പിലായതോടെ ഒരു കുടുംബം മുഴുവൻ പട്ടിണിയിലായിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് എസി മെക്കാനിക്കായ അഭിമന്യു വീണ് കാലൊടിയുന്നത്. ആദ്യം കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ അവിടെ നേരിടേണ്ടി വന്നത് കടുത്ത അവഗണനയാണെന്ന് അഭിമന്യു പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘രണ്ടു ദിവസത്തോളം സ്‌ട്രെക്ചറില്‍ കിടത്തി. കടുത്ത വേദനയുണ്ടായിട്ടും മരുന്നുപോലും നല്‍കിയില്ല. പിന്നീട് വാർഡിലേക്ക് മാറ്റിയെങ്കിലും കൃത്യമായ പരിചരണം ലഭിച്ചില്ല. പഴുപ്പ് ബാധിച്ച കാലിലാണ് ഡിസംബർ 31ന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്,’ അഭിമന്യു വേദനയോടെ ഓർത്തു.
.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ നടത്തിയ സ്‌കാനിംഗില്‍ ഞരമ്പിന് തകരാർ കണ്ടെത്തി. തുടർന്ന് രണ്ടാമത്തെ കാലില്‍ നിന്ന് ഞരമ്പെടുത്ത് വച്ചുപിടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കാലിന്റെ സ്പർശനശേഷി പൂർണമായും നഷ്ടപ്പെട്ടതോടെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ വിധിയെഴുതി. ജനുവരി ഒന്നാം തീയതി ലോകം പുതുവർഷത്തെ വരവേല്‍ക്കുമ്പോള്‍ അഭിമന്യുവിന്റെ വലതുകാല്‍ മുറിച്ചുമാറ്റുകയായിരുന്നു.
അച്ഛൻ ഒരു വർഷം മുൻപ് മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയം അഭിമന്യുവായിരുന്നു. ഭാര്യയും ചെറിയ മകനും അടങ്ങുന്ന കുടുംബം ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമായതോടെ നീതി തേടി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് അഭിമന്യു.



