കൊമ്പൻ ചാന്നാനിക്കാട് വിജയസുന്ദർ ചരിഞ്ഞത് കുടൽ പൊട്ടി: അട്ടപ്പാടിയിൽ പടക്കം പൊട്ടി ഗർഭിണിയായ കാട്ടാന ചരിഞ്ഞതിൽ കണ്ണീരൊഴുക്കുന്നവർ കാണുക നാടൻ ആനയുടെ ജീവനെടുത്ത പനമ്പട്ടയെ; നാലുകാലും കൂച്ചിക്കെട്ടി കൊമ്പന്മാരെ നയിക്കുന്ന ആനപ്രേമികളെ നിങ്ങൾ ഇല്ലാതാക്കുന്നത് വന്യമൃഗത്തിന്റെ ജീവൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: പൂരങ്ങളുടെ ഒത്ത നടുവിൽ തലയെടുപ്പോടെ വീരനായി നിന്നിരുന്ന ചാന്നാനിക്കാട് വിജയസുന്ദർ എന്ന ഗജകേസരിയുടെ ജീവനെടുത്തത് എരണ്ടക്കെട്ട് എന്ന വില്ലൻ. ആയുസിന്റെ പാതിപോലും കഴിയും മുൻപ് കൊമ്പൻ വിജയസുന്ദർ അതി ദാരുണമായാണ് ചരിഞ്ഞത്. 38 വയസുമാത്രമുണ്ടായിരുന്ന ബീഹാറി ആനയുടെ ജീവനെടുത്തത് നാട്ടിലെ ഭക്ഷണങ്ങൾ തന്നെയാണ് എന്നാണ് ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ വ്യക്തമാകുന്നത്.
ആനയുടെ വയറ്റിൽ നിന്നും വലിയ കരിങ്കൽ ഉരുളയുടെ പരുവത്തിൽ എരണ്ടമുണ്ടായിരുന്നതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. അതായത് ആനയുടെ വയറ്റിൽ എരണ്ടം കിടന്ന് മല വിസർജനം നടത്താനാവാതെ കുടൽ പൊട്ടി അതിദാരുണമായാണ് വിജയസുന്ദർ മരിച്ചതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പാലക്കാട് അട്ടപ്പാടിയിൽ പിടിയാനയും വയറ്റിലുണ്ടായിരുന്ന കുട്ടിയും വായിക്കുള്ളിൽ പടക്കം ചവച്ച് അതിദാരുണമായി ചരിഞ്ഞതിനേക്കാൾ ക്രൂരമായാണ് ഇപ്പോൾ വിജയസുന്ദറിന്റെ മരണം എന്നാണ് വ്യക്തമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനകളുടെ ആയുർദൈർഖ്യം 120 വയസാണ്. നാട്ടിൽ നടക്കുന്ന ആനകൾ പരമാവധി 70-80 വയസുവരെയെങ്കിലും ജീവിക്കും. എന്നാൽ, അതിന്റെ പോലും പകുതി എത്തും മുൻപ് വിജയസുന്ദറിന് ജീവൻ നഷ്ടമാകുകയായിരുന്നു. മേയ് 16 മുതലാണ് ആനയ്ക്കു അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. കോത്തലയിൽ എത്തിച്ച ആനയ്ക്കു ആദ്യം വയറിളക്കവും, വയർ വേദനയും അനുഭവപ്പെടുകയായിരുന്നു.
തുടർന്നു വെറ്റിനറി സർജൻ ഡോ.ബിജു ഗോപിനാഥിന്റെ പരിചരണത്തിനായിരുന്നു. ഇവിടെ വച്ച് വയറിളക്കം പൂർണമായും ഭേദമായ ശേഷം ചാന്നാനിക്കാട്ടെ പുരയിടത്തിലേയ്ക്കു ആനയെ എത്തിച്ചു. എട്ടു ദിവസത്തിനു ശേഷം ആനയ്ക്കു വീണ്ടും രോഗം ബാധിക്കുകയായിരുന്നു. തുടർന്നാണ് ആന ചരിഞ്ഞത്. കോത്തലയിലെ പാറക്കുളത്തിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്നാണ് ആനയ്ക്കു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.
എന്നാൽ, പിന്നീട് ചാന്നാനിക്കാട്ടെ ആനത്തറവാടിന്റെ മുറ്റത്ത് എത്തിച്ചു മരുന്നുകൾ നൽകിയെങ്കിലും കൊമ്പന്റെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ കണ്ടത് വയറിനുള്ളിൽ പുറത്തേയ്ക്കു ഇറങ്ങാനാവാതെ കിടന്ന ആനപ്പിണ്ടമാണ്.
നാട്ടാനയുടെ ഭക്ഷണ രീതികളാണ് ഇവരെ എരണ്ടക്കെട്ട് രോഗികളാക്കി മാറ്റുന്നത്. കാട്ടിലെ ആനകൾ പുല്ലും മരത്തിൻ തൊലിയും കിഴങ്ങ് വർഗങ്ങളും പഴങ്ങളുമാണ് കഴിക്കുന്നത്. എന്നാൽ, കാട്ടിൽ നിന്നും കെണിവച്ച് പിടിച്ചുകൊണ്ടു വന്ന് , പണിയെടുക്കാനും നാലു കാലും കൂച്ചിക്കെട്ടി ഉത്സവപ്പറമ്പുകളിൽ അലങ്കാരമാക്കാനും പണമുണ്ടാക്കാനും ആനപ്രേമം എന്ന പേരിൽ ആനയ്ക്കു പേരിട്ട് കൊണ്ടു നടക്കുന്ന മലയാളി അക്ഷരാർത്ഥത്തിൽ ആനയെ കൊല്ലാക്കൊല ചെയ്യുകയാണ്.
പാലക്കാട് അതിർത്തി ഗ്രാമത്തിൽ ആനയുടെ തലയും വായും തകർന്നു പിടിയാനയും അതിന്റെ കുഞ്ഞും മരിച്ചതിനു പിന്നാലെ നാടിനെ നടുക്കിയ കൊമ്പന്റെ ജീവിത അന്ത്യം അതീവ ദാരുണമായി ഓർമ്മിക്കുകയാണ്. ആന പ്രേമികൾ എന്നു വമ്പ് പറഞ്ഞു നടക്കുന്നവർ അക്ഷരാർത്ഥത്തിൽ ആനയെ പ്രേമിയ്ക്കുന്നുണ്ടെങ്കിൽ, ഇവയുടെ ഭക്ഷണക്രമം എങ്കിലും മാറ്റാൻ ഇടപെടേണ്ട ഘട്ടം അവസാനിച്ചു കഴിഞ്ഞു.