
കൊല്ലം:കടയ്ക്കലില്‍ പട്ടാപ്പകല്‍ വീടിൻ്റെ ടെറസില്‍നിന്ന് റബ്ബർ ഷീറ്റുകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍.
പുനലൂർ ഇളമ്പല്‍ പറങ്കിമാം കുന്നില്‍ വീട്ടില്‍ ഉദയകുമാർ (43), മഞ്ഞമണ്‍കാല ശ്രീകൃഷ്ണ വിലാസത്തില്‍ ശിവപ്രസാദ് (39) എന്നിവരാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. അയല്‍വാസി പകർത്തിയ ഓട്ടോറിക്ഷയുടെ ചിത്രം കേസില്‍ നിർണ്ണായക തെളിവായി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കടയ്ക്കല്‍ കുറ്റിക്കാട് വടക്കേവയല്‍ സ്വദേശി ജയകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ അറിയാതെ വീടിന്റെ ടെറസിലുണ്ടായിരുന്ന എഴുപതോളം റബ്ബർ ഷീറ്റുകളാണ് സംഘം ഓട്ടോറിക്ഷയില്‍ കയറ്റി കടത്തിക്കൊണ്ടുപോയത്. അയല്‍വാസിയായ യുവാവ് ഈ ദൃശ്യം കാണുകയും ഓട്ടോറിക്ഷയുടെ ചിത്രം പകർത്തി ജയകുമാറിനെ അറിയിക്കുകയുമായിരുന്നു.
ചിത്രം സഹിതം ജയകുമാർ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോറിക്ഷ ഉടമയെ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ ഉദയകുമാറിന് വാടകയ്ക്ക് നല്‍കിയതാണെന്ന് ഉടമ മൊഴി നല്‍കി. തുടർന്ന്, പുനലൂർ ഭാഗത്തുനിന്ന് പ്രതികളെയും മോഷണത്തിനായി ഉപയോഗിച്ച ഓട്ടോറിക്ഷയും കടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച റബ്ബർ ഷീറ്റുകള്‍ വില്‍പ്പന നടത്തിയ ആലഞ്ചേരിയിലെ കടയിലെത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചല്‍ പോലീസ് സ്റ്റേഷൻ ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള മോഷണ കേസുകളില്‍ പ്രതികളാണ് ഉദയകുമാറും ശിവപ്രസാദുമെന്ന് പൊലീസ് കണ്ടെത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അയല്‍വാസിയുടെ ജാഗ്രതയും സമയബന്ധിതമായ ഇടപെടലുമാണ് പ്രതികളെ വേഗത്തില്‍ പിടികൂടാൻ പൊലീസിന് സഹായകമായത്.



