
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. ലൈനിന് താഴെ ഷെഡ് നിർമിച്ചതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിലുണ്ട്. നിയമലംഘനം ശ്രദ്ധയിൽപെട്ടപ്പോൾ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായി. വൈദ്യുതി ലൈനും സൈക്കിൾ ഷെഡും തമ്മിൽ സുരക്ഷിതമായ അകലമില്ലെന്ന് വ്യക്തമാണ്. സ്കൂളിന് നോട്ടീസ് നൽകി പരിഹരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല. വ്യക്തിഗത വീഴ്ച കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് ശുപാർശയുള്ളത്.
റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. ഇതിന് ചൂണ്ടിക്കാട്ടുന്നത് രണ്ട് കാരണങ്ങളാണ്. ഷെഡ് പണിതത് ഇപ്പോഴത്തെ അസിസ്റ്റന്‍റ് എന്‍ജിനീയറുടെ കാലത്തല്ല. ഇപ്പോഴത്തെ എഇ, അപകടത്തിന് രണ്ട് ദിവസം മുന്പ് അവിടെ പോസ്റ്റ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു. ഷെഡിന്‍റെ ഒരു ഭാഗം പൊളിച്ച് പോസ്റ്റിട്ട് ലൈൻ ഉയര്‍ത്താമെന്നായിരുന്നു നിര്‍ദേശം. എന്നാൽ മാനേജ്മെന്‍റ് കമ്മിറ്റി ചേർന്ന ശേഷം അറിയിക്കാമെന്നായിരുന്നു മാനേജരുടെ പ്രതികരണം. ഉദ്യോഗസ്ഥരുടെ വ്യക്തിഗത വീഴ്ച കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടി എന്നായിരുന്നു മന്ത്രി മുമ്പ് പറഞ്ഞിരുന്നത്.