video
play-sharp-fill

കൈക്കുഞ്ഞിനെ ഏല്‍പിച്ച്‌ ആദ്യഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോഴും തളര്‍ന്നില്ല; രേണുവിന്റെ വരവോടെ ജീവിതം മാറി; ഭാര്യയും  രണ്ടു മക്കളുമാണ് ഇപ്പോഴത്തെ ലോകം; സുധി പറഞ്ഞത്!

കൈക്കുഞ്ഞിനെ ഏല്‍പിച്ച്‌ ആദ്യഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോഴും തളര്‍ന്നില്ല; രേണുവിന്റെ വരവോടെ ജീവിതം മാറി; ഭാര്യയും രണ്ടു മക്കളുമാണ് ഇപ്പോഴത്തെ ലോകം; സുധി പറഞ്ഞത്!

Spread the love

സ്വന്തം ലേഖകൻ

സിനിമാ – മിമിക്രി മേഖലയിലെ സജീവ കലാകാരനായ കൊല്ലം സുധിയുടെ വിയോഗവാർത്ത അറിഞ്ഞ ഞെട്ടലിലാണ് മലയാളികൾ. പ്രേക്ഷകർക്കും ഏറെ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരം ആയിരുന്നു സുധി. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സുധി ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ചാനൽ പരിപാടികളിൽ സ്ഥിര സാന്നിധ്യമായിരുന്നു സുധി. സ്റ്റാർ മാജിക്ക് ഷോയാണ് സുധിയുടെ കരിയറിൽ വഴിത്തിരിവായതും നടന് ഏറെ ആരാധകരെ സമ്മാനിച്ചതും.
വേദിയിൽ ചിരിപ്പൂരമൊരുക്കുന്ന സുധി തന്റെ സങ്കടങ്ങൾ സ്റ്റർമാജിക് ഷോയിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഭാര്യയും മക്കളും സ്റ്റർമാജിക് വേദിയിലെത്തിയ എപ്പിസോഡിലായിരുന്നു ഇത്. രേണുവാണ് സുധിയുടെ ഭാര്യ. താരത്തിന്റെ രണ്ടാം വിവാഹമാണിത്. രാഹുലാണ് മൂത്ത മകൻ. മകനെ തന്നെ ഏല്പിച്ചിട്ട് ആദ്യ ഭാര്യ ഇറങ്ങിപോവുകയായിരുന്നു എന്നാണ് സുധി സ്റ്റാർമാജിക് വേദിയിൽ പറഞ്ഞത്. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് രേണുവിന്‌ ഇഷ്ടമല്ലെന്നും നടൻ അന്ന് പറയുകയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലും ആദ്യ ബന്ധത്തിൽ സംഭവിച്ചതിനെ കുറിച്ച് സുധി മനസുതുറന്നിരുന്നു. തന്റെ കഥകൾ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നാണ് സുധി പറഞ്ഞത്. പ്രണയവിവാഹമായിരുന്നു ആദ്യത്തേത്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ തന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്.

രണ്ടാം ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കാരണം അവർ ആത്മഹത്യ ചെയ്തു. ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം തനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. തന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളുമാണ് ഇപ്പോഴത്തെ ലോകം. ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെയാണെന്നാണ് സുധി പറഞ്ഞത്.

മകനെയും കൊണ്ട് സ്റ്റേജ് ഷോകൾക്ക് പോയിരുന്ന സമയത്തെ കുറിച്ചും സുധി പറയുകയുണ്ടായി. രേണു ജീവിതത്തിലേക്ക് കടന്നുവരും മുൻപ്, ഒന്നര വയസ്സായപ്പോൾ മുതൽ രാഹുലിനെയും കൊണ്ടാണ് സ്‌റ്റേജ് ഷോകൾക്ക് പോയിരുന്നത്. ഞാൻ സ്‌റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസ്സൊക്കെ ആയപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി, സുധി പറഞ്ഞു.

സുധിയുടെ കാര്യങ്ങളൊക്കെ അറിഞ്ഞശേഷം സങ്കടം തോന്നിയാണ് വിവാഹം കഴിച്ചതെന്ന് സ്റ്റാർമാജിക് വേദിയിൽ ഭാര്യ രേണു പറഞ്ഞിരുന്നു. ഭര്‍ത്താവ് മാത്രമല്ല ഒരു കൂട്ടുകാരനും ചേട്ടനുമൊക്കെയാണ് സുധി. ഇടയ്ക്ക് അച്ഛനെയും അമ്മയെയും പോലെയൊക്കെ സംസാരിക്കും. നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ആ ക്വാളിറ്റിയാണ് ഏറെയിഷ്ടം. സുധിച്ചേട്ടന്റെ കാര്യത്തില്‍ താൻ ഭയങ്കര കെയറിങ്ങാണെന്നുമായിരുന്നു രേണുവിന്റെ വാക്കുകൾ.

കഷ്ടപാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകളെ അതിജീവിച്ചു പുതിയൊരു ജീവിതം തുടങ്ങുമ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത മരണം.

സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് വടകരയിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടയിലാണ് സുധി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, തുടങ്ങി ഒരുപിടി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.