
നൊമ്പരമായി കൊല്ലം സുധി; സംസ്കാരം നാളെ; കോട്ടയം പൊങ്ങന്താനം എംഡി യുപി സ്കൂളിലും, വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതു ദർശനം; തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ അന്ത്യവിശ്രമം
സ്വന്തം ലേഖകൻ
കോട്ടയം: തൃശ്ശൂർ കയ്പംഗലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട സിനിമാ- മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം നാളെ. ആറു വർഷമായി കോട്ടയം വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസക്കാരനായ സുധി ജനിച്ചു വളർന്നത് കൊല്ലത്ത്.
ചൊവ്വ പുലർച്ചെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം 10 മണിയോടെ പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് 11 ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതു ദർശനത്തിന് വയ്ക്കും. സംസ്ക്കാരം 2 മണിക്ക് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം കൊല്ലം സുധിക്ക് അന്ത്യോപചാരമർപ്പിച്ച് സഹപ്രവർത്തകർ. സിനിമ മേഖലയിലേയും സാംസ്കാരിക മേഖലയിലെയും നിരവധിപ്പേർ മൃതദേഹം പൊതുദർശനത്തിനുവെച്ച കാക്കനാട് എത്തി. സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി ഹൈബി ഈഡൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
നേരിട്ട് കണ്ടിട്ടില്ലെങ്കിലും തനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു സുധിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. സഹപ്രവർത്തകരിൽ പലരും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. പൊതുദർശനത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച്ച കോട്ടയത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.