കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം: ചീഫ് ഇക്ട്രിക്കൽ ഇൻസ്പെക്ട‌റും കെഎസ്ഇബിയും അന്വേഷിക്കും; വീഴ്ച്ച പരിശോധിക്കാമെന്ന് മന്ത്രി

Spread the love

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുതലത്തിൽ അന്വേഷണം നടത്താൻ തീരുമാനം. ചീഫ് ഇക്ട്രിക്കൽ ഇൻസ്പെക്ട‌റും കെഎസ്ഇബിയും സംഭവം അന്വേഷിക്കും. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അതിനിടെ, വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് പരിശോധിക്കാമെന്നായിരുന്നു വൈ​ദ്യുതി മന്ത്രിയുടെ പ്രതികരണം. വാർത്തയിൽ കണ്ടവിവരം മാത്രമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നേരത്തെ, കെഎസ്ഇബിക്ക് വിവരം നൽകിയിരുന്നുവെന്നാണ് സ്കൂൾ മാനേജ്മെൻ്റ് പറഞ്ഞത്.

അതേസമയം, വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം. ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും കുട്ടിയ്ക്ക് ഷോക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.