കുതിപ്പ് തുടര്‍ന്ന് കൊല്ലം സെയ്‌ലേഴ്‌സ് ; ആലപ്പി റിപ്പിള്‍സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്ലേഴ്സിന് രണ്ടു റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ ആലപ്പുഴയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഏരീസ് കൊല്ലത്തിനായി അഭിഷേക് നായര്‍-അരുണ്‍ പൗലോസ് ഓപ്പണിംഗ് കൂട്ടുകെട്ട് 49 റണ്‍സ് സ്വന്തമാക്കി. 27 പന്തില്‍നിന്നും 26 റണ്‍സെടുത്ത അഭിഷേകിനെ വിശ്വേശ്വര്‍ സുരേഷ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും രാഹുല്‍ ശര്‍മയുമായി ചേര്‍ന്നുള്ള മികച്ച കൂട്ടുകെട്ടാണ് കൊല്ലത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (33 പന്തില്‍ 55) ആനന്ദ് ജോസഫിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടെ കൃഷ്ണപ്രസാദിന് ക്യാച്ച് നല്‍കി മടങ്ങി. ആലപ്പുഴയ്ക്കു വേണ്ടി വിശ്വേശ്വര്‍ സുരേഷ് നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി.164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് മുഹമ്മദ് അസ്ഹറുദ്ദീന്‍- കൃഷ്ണപ്രസാദ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ചേര്‍ന്ന് ആറ് ഓവറില്‍ സ്‌കോര്‍ 50 കടത്തി. സ്‌കോര്‍ 68ലെത്തിയപ്പോള്‍ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് ആലപ്പുഴയ്ക്ക് നഷ്ടമായി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന ശക്തമായ നിലയിലായിരുന്നു ആലപ്പുഴ. 10-ാം ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ എടുത്ത് ആലപ്പുഴയുടെ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ അര്‍ദ്ധ സെഞ്ചുറിയും നേടി.30 പന്തില്‍ രണ്ട് സിക്സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു അര്‍ധസെഞ്ചുറി.

13-ാം ഓവറില്‍ ആലപ്പി സ്‌കോര്‍ 100 പിന്നിട്ടു. 38 പന്തില്‍ നിന്നും 56 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദീനെ ബിജു നാരായണന്‍ പുറത്താക്കിയത് കളിയുടെ വഴിത്തിരിവായി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്താന്‍ ആയത് കൊല്ലത്തിന് നേട്ടമായി. അവസാന ഓവറില്‍ വിജയിക്കാന്‍ ആലപ്പുഴയ്ക്ക് 11 റണ്‍സ് വേണ്ടിയിരുന്നു.അവസാന ഓവറില്‍ ഫൈസല്‍ ഫനൂസ് സിക്സ് അടിച്ച് വിജയപ്രതീക്ഷ സമ്മാനിച്ചുവെങ്കിലും അവസാന പന്തില്‍ വിജയിക്കാന്‍ മൂന്നു റണ്‍സ് വേണ്ടിയിരുന്നു. ആലപ്പുഴയുടെ നീല്‍ സണ്ണി ആസിഫിന്റെ പന്ത് ബൗണ്ടറി പായിക്കാന്‍ ശ്രമിച്ചുവെങ്കിലും മിഥുന് ക്യാച്ച് നല്കി പുറത്തുപോകേണ്ടിവന്നു. കൊല്ലത്തിന് രണ്ട് റണ്‍സിന്റെ ജയം.