
കൊട്ടാരക്കര: റോഡരികിൽ പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനായി വെച്ചിരിക്കുന്ന ഇരുമ്പ് ബോട്ടിൽ ബൂത്തുകളിലൊന്ന് മീൻപിടിത്തതിനായി യുവാക്കൾ കടത്തി. എംസി റോഡിൽ കുന്നക്കരയ്ക്കുസമീപം വെച്ചിരുന്ന കൂടുകളിലൊരെണ്ണമാണ് പ്രദേശവാസികളായ യുവാക്കൾ മീൻപിടിത്തത്തിന് വലയാക്കിയത്.
പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യവും ശേഖരിക്കാനായി വലിയ കുപ്പിയുടെ മാതൃകയിലുള്ള ഇരുമ്പുകൂടുകൾ തദ്ദേശസ്ഥാപനങ്ങൾ റോഡരികിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഊത്തവലയ്ക്കു പകരമായി ഇരുമ്പുകൂട ഉപയോഗിക്കാമെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. കുപ്പിക്കഴുത്ത് പോലെയുള്ള വായയിലൂടെ മീനുകൾ ഉള്ളിൽ കടന്നാൽ പുറത്തുകടക്കാത്തവിധം ഇപ്പോഴുള്ള അഴികൾക്കുമീതെ വല ചുറ്റിയായിരുന്നു പ്രയോഗം.
ഇതുകണ്ട ഒരാൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് യുവാക്കളെക്കൊണ്ടുതന്നെ വെള്ളത്തിൽനിന്ന് കൂടയെടുപ്പിച്ച് പഴയസ്ഥലത്ത് തിരികെ സ്ഥാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


