അജിനാമോട്ടോയും നിരോധിത കളറും ചേർത്ത ആഴ്ചകൾ പഴക്കമുള്ള ചിക്കനും പഴകിയ ചോറും പിടിച്ചെടുത്തു ; ഹോട്ടലിന്റെ അടുക്കള കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

Spread the love

സ്വന്തം ലേഖിക

കൊല്ലം: കൊല്ലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡിൽ കുടുങ്ങിയത് നിരവധി ഹോട്ടലുകൾ. അനിയന്ത്രിതമായ അളവിൽ അജിനാമോട്ടോയും ഫുഡ് കളറുകളും ചേർത്ത് മാസങ്ങൾ പഴക്കമുള്ള ചിക്കനും ഒരാഴ്ച പഴക്കമുള്ള ചോറുമാണ് പലയിടങ്ങളും പാകം ചെയ്യുന്നത്. ഭക്ഷണത്തിന് നല്ല നിറം വേണമെന്ന കൊല്ലത്തുകാരുടെ ആഗ്രഹം മുതലെടുത്താണ് ഭക്ഷണത്തിൽ ഇങ്ങനെ കളർ ചേർക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖം മിനുക്കി വയ്ക്കുന്ന ഹോട്ടലുകളിൽ പലതിന്റെയും പിന്നാമ്പുറം മാലിന്യങ്ങൾ നിറഞ്ഞതാണെന്നാണു പരിശോധനയിൽ കണ്ടെത്തിയ മറ്റൊരു കാര്യം. ഓണത്തോടനുബന്ധിച്ചു ജില്ലയിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകൾ പൂട്ടി. ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്ത 33 ഹോട്ടലുകൾ, മറ്റ് ഭക്ഷ്യോൽപാദക വിതരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു പിഴയും ഈടാക്കിയിട്ടുണ്ട്. നിറത്തിന്റെ അമിത ഉപയോഗം ജില്ലയിലെ മിക്ക ഹോട്ടലുകളിലും നടക്കുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ.

രുചിക്കായി അജിനാമോട്ടോ ചേർക്കാൻ അനുവാദമുണ്ടെങ്കിലും ഭക്ഷണത്തിൽ ഇതു ചേർത്തിട്ടുണ്ടെന്നുള്ള മുന്നറിയിപ്പു ബോർഡ് വയ്ക്കാത്തതിനും സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. തട്ടുകടകളാണു നിറം കൂടുതൽ ചേർക്കുന്നത്. മുൻപു നിറത്തിനായി പ്രത്യേകം ചേർത്തിരുന്ന പൊടി ഇപ്പോൾ മുളകുപൊടിക്കൊപ്പം കലർത്തി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാചകം ചെയ്ത മാംസവും പാചകം ചെയ്യാത്തവയും ഒന്നിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ചിലയിടങ്ങളിൽ പച്ചക്കകറിക്കൊപ്പവും മാംസം സൂക്ഷിച്ചിരുന്നു. വൻകിട ഹോട്ടലുകൾ പോലും ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തൽ. ആഴ്ചകൾ പഴക്കമുള്ള മസാല പുരട്ടിയ മാംസവും ഫ്രീസറുകളിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പ്ലാസ്റ്റിക് കവറുകളിൽ തേങ്ങ ചിരകി സൂക്ഷിച്ചതും പിടികൂടി. പലയിടങ്ങളിൽ നിന്നും പഴകിയ പാലും പിടിച്ചെടുത്തു. 50,000 രൂപ വരെ പിഴ ചുമത്തപ്പെട്ട ഹോട്ടലുകളും ഇവിടെയുണ്ട്.

പലയിടങ്ങളിലും ദോശയ്ക്ക് ഉപയോഗിക്കുന്ന മാവ് ദിവസങ്ങൾ പഴക്കമുള്ളവയാണ്. കുഴച്ചുവച്ച മൈദമാവാണു ഹോട്ടലുകളിലെ മറ്റൊരു ഇനം. ഇത്തരം മൈദ മാവ് ഫ്രീസറിൽ ദിവസങ്ങളോളം സൂക്ഷിക്കും. ആവശ്യത്തിനനുസരിച്ചു പൊറോട്ടയ്ക്കും മറ്റും ഉപയോഗിക്കുന്നതാണ് രീതി. ചപ്പാത്തി പലപ്പോഴും പകുതി മാത്രം വേവിച്ചാണു ഹോട്ടലുകൾ സൂക്ഷിക്കുന്നത്. ആവശ്യക്കാർ വരുന്നതിനനുസരിച്ച് ചൂടാക്കി നൽകുകയാണ് പതിവ്.