ചാരായം വാറ്റാൻ രാഷ്ട്രീയം മറന്ന് ഒത്തുചേർന്ന് യൂത്ത് കോൺഗ്രസ് – ആർ.എസ്.എസ് പ്രവർത്തകർ ; ടോയ്‌ലെറ്റിൽ വച്ച് ചാരായം വാറ്റി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവനേതാക്കൾ കൊല്ലത്ത് എക്‌സൈസ് പിടിയിൽ : വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്
സ്വന്തം ലേഖകൻ
കൊല്ലം: ലോക് ഡൗണിൽ രാഷ്ട്രീയം മറന്ന് ടോയ്‌ലെറ്റിനുള്ളിൽ വച്ച് ചാരായം വാറ്റി. തുടർന്ന് ചാരായം വാറ്റുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആർ.എസ്.എസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയംഗവുമായ ദീപക്ക്, ബി.എം.എസ് മണ്ഡലം കമ്മിറ്റിയംഗം ജയമോഹൻ, ആർ.എസ്.എസ് നേതാവ് സനു എന്നിവരാണ് എക്‌സൈസ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി മോഹനന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
പ്രതികളിൽ ഒരാളുടെ വീട്ടിലെ ടോയ്‌ലെറ്റിനുള്ളിൽ പ്രഷർകുക്കർ ഉപയോഗിച്ച് വാറ്റുന്ന ദൃശ്യങ്ങളാണ് ടിക് ടോക്കിലും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും അടക്കം പ്രചരിപ്പിച്ചത്. വാറ്റി എടുത്ത ചാരായം കൈകളിൽ മുക്കി തീ പടർത്തി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്.
ഇവരുടെ ഒരു സുഹൃത്തായ പ്രിൻസിനെ കാണിക്കാൻ വേണ്ടിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ദീപക്ക് തന്റെ മൊബൈലിലാണ് ദൃശ്യങ്ങൾ പകർത്തിയത്. ലോക്ക് ഡൗണിലും തങ്ങൾക്ക് മദ്യം കഴിക്കാൻ അറിയാം എന്ന് വെല്ലുവിളിച്ചു കൊണ്ടായിരുന്നു ഈ രാഷ്ട്രീയ നേതാക്കൾ വാറ്റ് നടത്തിയത്.
ഈ ദൃശ്യങ്ങൾ ദീപക്ക് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇവർക്കെതിരെ നാട്ടുകാർ കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ സംഭവം വിവാദമായതോടെ ദീപക് തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. എങ്കിലും പരാതി ലഭിച്ചതോടെ എക്‌സൈസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
55 എച്ച് പ്രകാരം മദ്യം നിർമ്മിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തതിന് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. എന്നാൽ ഇവരുടെ പക്കൽ നിന്നും മദ്യവും വാറ്റാനുപയോഗിച്ച സാധനങ്ങളും കണ്ടെത്താൻ എക്‌സൈസിന് സാധിച്ചില്ല.
അതേ സമയം ജില്ലയിൽ എക്‌സൈസ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. നിരവധി വ്യാജവാറ്റുകാരെ ഇതിനോടകം തന്നെ വലയിലാക്കി. സംസ്ഥാനത്ത് കോഴിക്കോട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോട പിടിച്ചെടുത്ത ജില്ല കൊല്ലമാണ്.
10000 ലിറ്ററിലധികം കോടയാണ് ഇതുവരെ ജില്ലയിൽ പിടിച്ചെടുത്തത്. വ്യാജ വിദേശമദ്യം, ചാരായം തുടങ്ങിയവ വേറെ. ബാറുകളും മറ്റു മദ്യശാലകളും അടച്ചതോടെ ജില്ലയിൽ വ്യാജവാറ്റ് വ്യാപകമായെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്. വീടുകൾക്കു പുറമെ ഒറ്റപ്പെട്ട തുരുത്തുകൾ, വനമേഖലകൾ, നദീതീരങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണു വാറ്റ്.
ശാസ്ത്രീയമായ അറിവില്ലാതെയാണു മിക്കയിടത്തും വാറ്റ് അരങ്ങേറുന്നതെന്ന് എക്‌സൈസ് പറയുന്നു. വാറ്റി കിട്ടുന്നത് ഈഥൈൽ ആൽക്കഹോളാണ്. ഇതിൽ വീര്യം കൂട്ടാൻ മറ്റു പല രാസവസ്തുക്കളും ചേർക്കുന്നു. 5 ലീറ്റർ മദ്യത്തിൽ പ്രത്യേക രാസവസ്തു ചേർത്താൽ 10 ലീറ്ററാക്കാം. സർജിക്കൽ സ്പിരിറ്റ് ചേർത്ത സംഭവവുമുണ്ട്.
വീഡിയോ ഇവിടെ കാണാം