
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മസേന അംഗത്തെ പട്ടിയെ വിട്ട് കടിപ്പിച്ചു ; പട്ടിയെ മാറ്റാൻ പറഞ്ഞപ്പോള്‍ വീണ്ടും പട്ടിയെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു ; കാലിനും കൈക്കും പരുക്കേറ്റ തന്നെ ആശുപത്രിയില്‍കൊണ്ടു പോകാനും പട്ടിയുടെ ഉടമ തയാറായിരുന്നില്ല.
കൊല്ലം : പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മസേന അംഗത്തെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. വെളിയം പഞ്ചായത്തില്‍ കട്ടയില്‍ വാര്‍ഡില്‍ലാണ് സംഭവം. ഓടനാവട്ടം കട്ടയില്‍ അജീഷ്ഭവനില്‍ റോസമ്മയ്ക്കാണ് നായയുടെ കടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓടനാവട്ടം പള്ളിമുക്ക് ചരുവിള കുന്നില്‍ വീട്ടില്‍ മനോജിനെതിരെ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ 11ന് ആണ് സംഭവം.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി മനോജിന്റെ വീട്ടിലെത്തിയതായിരുന്നു റോസമ്മയും മറ്റൊരംഗവും. കൂടെയുള്ള സ്ത്രീ സമീപത്തെ വീട്ടിലേക്കു പോയി. ഈ സമയം മനോജ് പട്ടിയെ തുടലിട്ട് കെട്ടി കൂട്ടില്‍ നിന്ന് ഇറക്കി പിടിച്ചു കടിപ്പിച്ചു. കാലില്‍ പട്ടി കടിച്ചപ്പോള്‍ത്തന്നെ കരഞ്ഞുകൊണ്ട് മനോജിനോട് പട്ടിയെ മാറ്റാൻ പറഞ്ഞെങ്കിലും ‘കടിക്കു പട്ടി’ എന്നു പറഞ്ഞുകൊണ്ട് വീണ്ടും കടിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
നിലവിളി കേട്ട് കൂടെയുള്ള സ്ത്രീ ഓടി വന്നപ്പോഴേക്കും പട്ടി ദൂരേക്ക് മാറിയിരുന്നു. കാലിനും കൈക്കും പരുക്കേറ്റ തന്നെ ആശുപത്രിയില്‍കൊണ്ടു പോകാനും പട്ടിയുടെ ഉടമ തയാറായില്ലെന്ന് റോസമ്മ പറഞ്ഞു. വിവരമറിഞ്ഞെത്തിയ റോസമ്മയുടെ മകനും വാര്‍ഡംഗം വിനീത വിജയപ്രകാശും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
