കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആൻജിയോപ്ലാസ്റ്റി വിജയകരം;മരണത്തെ മുഖാമുഖം കണ്ട ജലാധരൻ ജീവിതത്തിലേക്ക്

കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആൻജിയോപ്ലാസ്റ്റി വിജയകരം;മരണത്തെ മുഖാമുഖം കണ്ട ജലാധരൻ ജീവിതത്തിലേക്ക്

സ്വന്തംലേഖകൻ

കൊല്ലം: ജില്ലാ ആശുപത്രിയിൽ കടുത്ത നെഞ്ചുവേദനയുമായി എത്തിയ തെക്കേവിള സ്വദേശി ജലാധരനാണ് ആൻജിയോപ്ലാസ്റ്റിയിലൂടെ പുതുജീവൻ കിട്ടിയത്. മരണത്തെ മുഖാമുഖം കണ്ട ജലാധരൻ (60) ജീവിതത്തിലേക്ക് നടന്നു കയറുകയായിരുന്നു. ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യമായാണ് ഹൃദ്രോഗികൾക്ക് ആൻജിയോപ്ലാസ്റ്റി സൗകര്യം ലഭിക്കുന്നത്. തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിച്ചവർക്ക് നന്ദി പറയുന്നുവെന്ന് ജലാധരന്റെ ഭാര്യയും മകളും പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി 11 ന് ആയിരുന്നു ജലാധരനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. കാർഡിയോളജി വിഭാഗം ഡോക്ടർമാർ രോഗിയെ പരിശോധിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ഹൃദയാഘാതമാണെന്ന് കണ്ടതോടെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയായിരുന്നു. ഡോ ബിജേഷാണ് നേതൃത്വം നൽകിയത്.8 കോടിരൂപ ചിലവിലാണ് സംസ്ഥാന സർക്കാർ കാത്തിലാബ് സ്ഥാപിച്ചത്.സ്വകാര്യമേഖലയിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ ചിലവ് വരുന്ന ചികിത്സയാണ് സൗജന്യമായി ലഭിച്ചത്.ഡോ ബിജേഷ്, ഹെഡ് നഴ്‌സ് ഷൈനി, സ്റ്റാഫ് നഴ്‌സുമാരായ പി എ അഞ്ജു, ഷഹുബാനത്ത്, വനജ, ജെസ്സി, ആര്യ, വി എസ് അഞ്ജു, കാത്ത്ലാബ് ടെക്നീഷ്യൻമാരായ മനോജ് എന്നിവരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്. ഇവരെ ഡെപ്യൂട്ടി ഡി എം ഒ ഡോ ജയശങ്കർ, സൂപ്രണ്ട് ഡോ വസന്തദാസ് എന്നിവർ അനുമോദിച്ചു. കാത്ത്ലാബ് ആരംഭിച്ചതു മുതൽ ഇതുവരെ 25 ൽ പരം രോഗികൾക്ക് ചികിത്സ നൽകാൻ സാധിച്ചു.