
കോട്ടയം : കൊല്ലത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മുണ്ടക്കയത്ത് പിടികൂടിയത് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജോൺസൺ എ.ജെയുടെ സാഹസിക നീക്കത്തിലൂടെ. കരുനാഗപ്പള്ളിയിൽ നിന്ന് രക്ഷപ്പെട്ട സംഘം മുണ്ടക്കയം വരെ എത്തിയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ വഴിയൊരുക്കിയത്.
ശനിയാഴ്ച പുലർച്ചെ കൊലപാതകം നടത്തി ഒളിവിൽ പോയ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെയാണ് ശ്രദ്ധയിൽപ്പെട്ടത്. പോലീസിനെ കണ്ടതോടെ വാഹനം വെട്ടിച്ച് കടന്ന സംഘത്തെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ എ.ജെ തിരിച്ചറിഞ്ഞു, ഉടൻ സമീപത്തുണ്ടായിരുന്ന ഒരു പിക്കപ്പ് ലോറിയിൽ കയറി അദ്ദേഹം പ്രതികളുടെ വാഹനത്തെ പിന്തുടർന്നു. പിന്തുടരുന്നതിനിടെ ലോറിയുപയോഗിച്ച് പ്രതികളുടെ വാഹനം തടയാൻ ശ്രമിച്ചതോടെ പരിഭ്രാന്തരായ പ്രതികൾ അമിതവേഗത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് അവരുടെ വാഹനം മറ്റൊരു സ്വിഫ്റ്റ് കാറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു.
അപകടത്തിന് പിന്നാലെ മുരിക്കുംവയൽ ഭാഗത്ത് കാർ ഉപേക്ഷിച്ച പ്രതികൾ സമീപത്തെ റബ്ബർ തോട്ടങ്ങളിലേക്കും കാടുകളിലേക്കും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ജോൺസൺ എ.ജെ കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിക്കുകയായിരുന്നു . തുടർന്ന് എരുമേലി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയുള്ള തിരച്ചിലിനൊടുവിൽ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയില്ലാതെ കീഴടങ്ങേണ്ടി വന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ‘ജിം സന്തോഷ്’ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട അലുവ അതുൽ (30). ആ കേസിന്റെ പ്രതികാരമായാണ് ശനിയാഴ്ച ആക്രമണം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ജാമ്യത്തിലിറങ്ങിയ അതുൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. ഹരിയാന രജിസ്ട്രേഷനുള്ള ഇന്നോവ കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ച് താഴ്ചയിലേക്ക് മറിച്ചിടുകയും തുടർന്ന് ഗ്ലാസ് തകർത്ത് പുറത്തെടുത്ത് വെട്ടിക്കൊല്ലുകയുമായിരുന്നു.
ജിം സന്തോഷിനെ മുൻപ് അമ്മയുടെ മുന്നിൽ സ്ഫോടക വസ്തുക്കൾ എറിഞ്ഞ ശേഷം വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയായിരുന്നു അതുൽ. അതിന് പ്രതികാരം ചെയ്യാനാണ് സന്തോഷിന്റെ സംഘാംഗങ്ങൾ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
പിടിയിലായ പ്രതികളെ കൊല്ലം സിറ്റി പോലീസിന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ എ.ജെയുടെ സമയോചിതമായ ഇടപെടലും ധൈര്യവുമാണ് പ്രതികളുടെ ഒളിച്ചോട്ടത്തിന് വിരാമമിട്ടത്.



