
കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്ലം സെഷൻസ് കോടതി. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സതീഷിനെ വലിയതുറ പൊലീസിന് കൈമാറിയിരുന്നു. ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി.
കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജൂലൈ 19 നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുക്കുകയായിരുന്നു.