
കൊച്ചി: കൊല്ലം അഞ്ചലിലെ യുവതിയുടെയും കുഞ്ഞുങ്ങളുടെയും കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നു. രഞ്ജിനിയെയും 17ദിസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയായ രാജേഷ് ആണെന്ന് ഒന്നാം പ്രതി ദിബിൽ കുമാറിന്റെ മൊഴി.
രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചതും രാജേഷ് ആണെന്നും ദിബിൽ കുമാർ പറഞ്ഞു. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തു. രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി പരിചയപ്പെട്ടു.
വാടക വീട്ടിലേക്ക് അടക്കം ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് പറഞ്ഞു. പിതൃത്വം ദിബിൽ കുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടതോടെയാണ് കൊലപാതകം നടത്തിയത്. കൊല നടത്തിയശേഷം മുൻ സൈനികരായ പ്രതികള്‍ 18 വര്‍ഷമാണ് ഒളിവിൽ കഴിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒളിവിൽ കഴിഞ്ഞതിന്‍റെ വിശദാംശങ്ങളും പ്രതികള്‍ പൊലീസിനോട് വിശദമായി പറഞ്ഞു. 2008ലാണ് പ്രതികള്‍ പോണ്ടിച്ചേരിയിൽ എത്തുന്നത്. കൊല നടത്തിയശേഷം രണ്ടു വര്‍ഷം ഇന്ത്യ മുഴുവൻ പ്രതികള്‍ കറങ്ങി. പിടിക്കപ്പെടാതിരിക്കാൻ ബന്ധുക്കളെ വിളിച്ചിരുന്നില്ല.
സൈന്യത്തിൽ നിന്നുളള ശമ്പളം മിച്ചം പിടിച്ച തുകകൊണ്ടായിരുന്നു യാത്ര. ഇരുവരും ഇന്‍റീരിയർ ഡിസൈനിങ് നേരത്തെ തന്നെ പഠിച്ചിരുന്നു. പോണ്ടിച്ചേരിയിലെത്തി വിഷ്ണുവെന്നും പ്രദീപ് എന്നും ഇരുവരും പേരുമാറ്റി അവിടുത്തുകാർക്ക് മുന്നിൽ സൽസ്വഭാവികൾ ചമഞ്ഞാണ് പിടികൊടുക്കാതെ നിന്നത്. പോണ്ടിച്ചേരി സ്വദേശിനിയെ വിവാഹം കഴിച്ചതോടെ പിടിക്കപ്പെടില്ലെന്ന് കരുതിയെന്നും പ്രതികൾ പറഞ്ഞു.