
അഹമ്മദാബാദ്: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും, മകളെ എലിവേറ്റഡ് എക്സ്പ്രസ് ഹൈവേയുടെ മുകളില്‍നിന്ന് താഴേക്ക് എറിയുകയും ചെയ്തശേഷം രക്ഷപ്പെട്ട യുവാവ് മൂന്ന് വർഷങ്ങള്‍ക്ക് ശേഷം പിടിയിലായി.
ഭാര്യയെ കൊലപ്പെടുത്തുകയും മകളെ വലിച്ചെറിയുകയും ചെയ്ത സ്ഥലത്തിന് 25 കിലോമീറ്റർ അകലെ സമാനമായ രീതിയില്‍ നാലുവയസുള്ള മകനെ വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് മൂന്ന് വർഷം മുമ്പുള്ള കൊലപാതകത്തിലേക്ക് ഗുജറാത്ത് പൊലീസിന് എത്താനായത്.
ഫെബ്രുവരി ഏഴിന് ആനന്ദ് ജില്ലയിലെ എക്സ്പ്രസ് വേയ്ക്ക് സമീപം കനയ്യ എന്ന നാലുവയസുകാരനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തുന്നു. വാഹനയാത്രക്കാർ വിവരം അറിയിച്ചതിനെ തുടന്ന് പൊലീസ് സ്ഥലത്തെത്തി, കനയ്യയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ്, കനയ്യയെ ആക്രമിച്ചതിനെ കുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ നിർണായക വഴിത്തിരിവ് ഉണ്ടാകുന്നത്. തന്നെ അച്ഛൻ ഉദയ് രാജവർമ റോഡിലേക്ക് വലിച്ചെറിഞ്ഞ് കടന്നുകളയുകയായിരുന്നുവെന്ന് കനയ്യ പൊലീസിനോട് പറഞ്ഞു. ജില്ലാ പൊലീസിലെ ടെക്നിക്കല്‍ സംഘത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രദീപ് ദേവേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥന് ഉണ്ടായ ഒരു സംശയമാണ് അന്വേഷണത്തില്‍ നിർണായകമായി മാറിയത്.
കനയ്യയെ പരിക്കുകളോടെ കണ്ടെത്തിയ എക്സ്പ്രസ് വേയില്‍ 25 കിലോമീറ്റർ മാറി 2022ല്‍ ഒരു യുവതിയെ മരിച്ച നിലയിലും മൂന്നു വയസുള്ള പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെയും കണ്ടെത്തിയിരുന്നു. ഈ കേസ് അന്വേഷിച്ച സംഘത്തില്‍ പ്രദീപ് ഉണ്ടായിരുന്നു. എന്നാല്‍ അന്ന് യുവതിയെ കൊലപ്പെടുത്തിയും മകളെ എക്സ്പ്രസ് വേയില്‍നിന്ന് താഴെ സർവീസ് റോഡിലേക്ക് വലിച്ചെറിയുകയും ചെയ്ത ശേഷം കടന്നുകളഞ്ഞ ഭർത്താവിനെ പൊലീസിന് കണ്ടെത്താനായിരുന്നു.
ഖുഷി എന്ന ആ പെണ്‍കുട്ടിയെ പൊലീസ് പിന്നീട് ഖേദ ജില്ലയിലെ നാദിയാദ് നഗരത്തിലെ ഒരു അനാഥാലയത്തിലാക്കിയിരുന്നു. തനിക്ക് ഒരു സഹോദരനുള്ള കാര്യം പെണ്‍കുട്ടി അന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം മനസിലുണ്ടായിരുന്ന പ്രദീപ് വീഡിയോകോളില്‍ അനാഥാലയത്തിലേക്ക് വിളിച്ച് ഖുശിയെയും കനയ്യയെയും തമ്മില്‍ സംസാരിപ്പിച്ചു. കനയ്യ തന്റെ അനുജനാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഖുഷി തിരിച്ചറിഞ്ഞു.
സൈറാബാനു എന്ന പൂജയെ കഴുത്ത് ഞെരിച്ച് കൊന്ന് എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയ കേസ് തെളിയിക്കപ്പെടാതെ കിടക്കുകയായിരുന്നു. അതിനിടെയാണ് കനയ്യയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നതും, പ്രദീപ്സിംഗ് എന്ന കോണ്‍സ്റ്റബിളിന്റെ കനയ്യയും ഖുഷിയും സഹോദരങ്ങളാണെന്ന സംശയം ദുരീകരിക്കാൻ പോലീസ് സംഘം അന്വേഷിക്കാൻ തുടങ്ങിയതെന്നും ഖേഡ പോലീസ് സൂപ്രണ്ട് രാജേഷ് ഘാഡിയ പറഞ്ഞു. കുഞ്ഞനുജനെ ഖുഷി തിരിച്ചറിഞ്ഞതോടെ അന്വേഷണം ഉദയ് വർമയെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. വ്യാഴാഴ്ച അഹമ്മദാബാദില്‍നിന്ന് ഉദയ് വർമയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇനി ഈ സംഭവത്തിന്റെ ഫ്ലാഷ്ബാക്കിലേക്ക് പോകാം. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയായ ഉദയ് രാജ് വർമ, ഭാര്യ പൂജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് കുട്ടികളും കാമുകനില്‍ ജനിച്ചതാണെന്ന് തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ഉദയ് പോലീസിനോട് പറഞ്ഞു.
“ഭാര്യ തന്നെ ചതിച്ചെന്നും രണ്ടു മക്കളും അവളുടെ കാമുകനില്‍ ജനിച്ചതാണെന്നുമുള്ള സംശയത്തെതുടന്ന്, ഭാര്യയെയും രണ്ട് കുട്ടികളെയും കൊല്ലാൻ തീരുമാനിച്ചതായി ഉദയ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അന്ന് (ഡിസംബർ 6, 2022), അയാള്‍ കുടുംബവുമായി ബസില്‍ എക്സ്പ്രസ്വേയിലെ ഭിലോദ്രയിലെ ഒരു പാലത്തിന് സമീപം ഇറങ്ങി, അവിടെവെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മകളെ എക്സ്പ്രസ് വേയില്‍നിന്ന് സർവീസ് റോഡിലേക്ക് എറിയുകയും ഇരുവരും മരിച്ചുവെന്ന് കരുതി. മകനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നെങ്കിലും അവൻ ചെറുതായതിനാല്‍ മനസുമാറി.
കൊലപാതകത്തെത്തുടർന്ന് ഉദയ് വർമ്മ ഉത്തർപ്രദേശിലേക്ക് രക്ഷപ്പെട്ടു. പിന്നീട് വർഷങ്ങള്‍ക്കുശേഷം അഹമ്മദാബാദിലേക്ക് കൂലിപ്പണിയ്ക്കായി തിരിച്ചെത്തി. അതിനിടെ ഇയാള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലാകുകയും കനയ്യയ്ക്കൊപ്പം ഒരുമിച്ച് താമസിക്കുകയും ചെയ്തു. വിവാഹം കഴിക്കാൻവേണ്ടി മകനെ ഒഴിവാക്കാൻ ഈ സ്ത്രീ, ഉദയ് വർമയെ നിർബന്ധിച്ചു.
ഇതേത്തുടർന്നാണ് മൂത്തമകളെ വലിച്ചെറിഞ്ഞ അതേ രീതിയില്‍ കനയ്യയെ ഉദയ് വലിച്ചെറിഞ്ഞത്. എന്നാല്‍ സാരമല്ലാത്ത പരിക്കുകളോടെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സഹോദരങ്ങളെ ഒരുമിപ്പിക്കാനും, മൂന്ന് വർഷം മുമ്പ് നടന്ന കൊലപാതകം തെളിയിക്കാനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലീസ്