play-sharp-fill
കോഹ്ലിയും പൂജാരയും നയിക്കുന്നു: ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ; ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യയ്ക്ക് മേൽക്കൈ

കോഹ്ലിയും പൂജാരയും നയിക്കുന്നു: ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ; ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യയ്ക്ക് മേൽക്കൈ

സ്‌പോട്‌സ് ഡെസ്‌ക്

മെൽബൺ: ബോക്‌സിംഗ് ഡേയിൽ ആരംഭിച്ച ആസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 215 റണ്ണെടുത്തിട്ടുണ്ട്. കരുതലോടെ ബാറ്റ് വീശുന്ന ചേതേശ്വർ പൂജാരയും (200 പന്തിൽ 68), ശ്രദ്ധിച്ചു മാത്രം മുന്നേറുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയും (107 പന്തിൽ 47) ആണ് ക്രീസിൽ നിൽക്കുന്നത്.
മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പരീക്ഷണ ഓപ്പണിംഗ് സഖ്യമാണ് ബാറ്റിംഗിന് ഇറങ്ങിയത്. സ്പിന്നറായ ഹനുമന്ത വിഹാരിയും, മായങ്ക് അഗർവാളുമാണ് ഇന്നിംഗ്‌സിനു തുടക്കമിട്ടത്. തുടർച്ചയായി പരാജയപ്പെട്ട കെ.എൽ രാഹുലിനും മുരളി വിജയിക്കും പകരമാണ് ഇരുവരും ഓപ്പണിംഗ് സഖ്യത്തിൽ ഇറങ്ങിയത്. മുരളിയും രാഹുലും ടീമിൽ ഉൾപ്പെട്ടിട്ടുമില്ല. കോഹ്ലിയുടെ ഓപ്പണിംഗ് പരീക്ഷണം വിജയാണെന്നു തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനം. 18.5 ഓവർ വരെ മെൽബണിലെ പേസ് ബൗളിംഗ് പിച്ചിൽ പിടിച്ചു നിന്ന വിഹാരി സ്‌കോർ ബോർഡിൽ നാൽപ്പത് റണ്ണെത്തിയപ്പോൾ എട്ടു റണ്ണുമായി മടങ്ങി. കുമ്മിൻസിന്റെ പന്തിൽ ഫിഞ്ച് ക്യാച്ചെടുത്താണ് വിഹാരി മടങ്ങിയത്. പിന്നീട്, പൂജാരയ്‌ക്കൊപ്പം പിടിച്ചു നിന്ന അഗർവാൾ ഇന്ത്യയ്ക്ക് മികച്ച പ്രതിരോധമാണ് തീർത്തു നൽകിയത്. സ്‌കോർ 124 ൽ നിൽക്കേ കുമ്മിൻസ് അഗർവാളിനെ പെയിനിന്റെ കയ്യിൽ എത്തിച്ചതോടെ ഇന്ത്യയുടെ രണ്ടാം വിക്കറ്റും വീണു. അപ്പോഴേയ്ക്കും 54.5 ഓവറിൽ എത്തിയിരുന്നു കളി. 161 പന്തിൽ 76 റണ്ണുമായാണ് അഗർവാൾ തന്റെ ആദ്യ മത്സരത്തിൽ പുറത്തായത്.
പിന്നീട് ക്രീസിലെത്തിയ കോഹ്ലി അതീവ ജാഗ്രതയിലൂടെയാണ് മുന്നേറുന്നത്. കളി അവസാനിക്കുമ്പോൾ ഇരുവരും കാര്യമായ കുഴപ്പങ്ങളില്ലാതെ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നുണ്ട്. ഓസീസിനു വേണ്ടി മിച്ചൽ സ്റ്റാർക്ക് (16 -6-32-0), ഹെയ്‌സൽ വുഡ് (18-6-45-0), നഥാൻ ലയോൺ (21-4-59-0), പി.ജെ കുമ്മിൻസ് (19-6-40-20), മിച്ചൽ മാർഷ് (15-3-23-0) എന്നിവരാണ് ബൗൾ ചെയ്തത്.