
കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാർ ; സുൽത്താൻ സിസ്റ്റേഴ്സിനെതിരെ 9 വിക്കറ്റിൻ്റെ ഉജ്ജ്വല വിജയവുമായാണ് റോയൽസ് കിരീടം നേടിയത്
തലശേരി: കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാർ.
സുൽത്താൻ സിസ്റ്റേഴ്സിനെതിരെ ഒൻപത് വിക്കറ്റിൻ്റെ ഉജ്ജ്വല വിജയവുമായാണ് റോയൽസ് കിരീടം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത സുൽത്താൻ സിസ്റ്റേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് 14 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സുൽത്താൻ സിസ്റ്റേഴ്സിൻ്റേത് നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു. നിയതി ആർ മഹേഷിൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് സുൽത്താൻ സിസ്റ്റേഴ്സിൻ്റെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. 20 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് അവർക്ക് നഷ്ടപ്പെട്ടത്. ഇതിൽ നാലും വീഴ്ത്തിയത് നിയതി തന്നെ.
നേരത്തെ റേസ് ബ്ലാസ്റ്റേഴ്സിനെതിരായ മല്സരത്തിലും ഹാട്രിക് അടക്കം നിയതി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മധ്യനിരയിൽ ദിവ്യ ഗണേഷിൻ്റെ ഒറ്റയാൾ പോരാട്ടമാണ് സുൽത്താൽ സിസ്റ്റേഴ്സിന് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ദിവ്യ 33 പന്തുകളിൽ നിന്ന് 40 റൺസുമായി പുറത്താകാതെ നിന്നു. ദിവ്യയ്ക്ക് പുറമെ 13 റൺസെടുത്ത വൈഷ്ണയും 12 റൺസെടുത്ത കീർത്തി ദാമോദരനും മാത്രമാണ് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് മാളവിക സാബുവിൻ്റെയും അബിന മാർട്ടിൻ്റെയും മികച്ച ബാറ്റിങ്ങാണ് അനായാസ വിജയം ഒരുക്കിയത്.
ജയത്തിന് ഒരു റൺ അകലെ മാളവികയുടെ വിക്കറ്റ് നഷ്ടമായെങ്കിലും 14 പന്തുകൾ ബാക്കി നില്ക്കെ റോയൽസ് ലക്ഷ്യത്തിലെത്തി. മാളവിക 49 റൺസ് നേടിയപ്പോൾ അബിന 36 റൺസുമായി പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി നാല് വിക്കറ്റ് വീഴത്തിയ നിയതിക്ക് പ്ലയർ ഓഫ് ദി ഫൈനൽ പുരസ്കാരം ലഭിച്ചു.