
കോട്ടയം : സിപിഎമ്മിലെ ചിരിക്കുന്ന മുഖവും ധാര്‍ഷ്ട്യങ്ങളില്ലാതെ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും സ്വീകാര്യനായ നേതാവുമായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണനെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ ശ്രീകുമാർ അനുസ്മരിച്ചു.
മികച്ച സംഘാടകനും ജനപ്രതിനിധിയും മാത്രമല്ല മികച്ച ഭരണാധികാരിയുമായിരുന്നു കോടിയേരി. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് പൊലീസിന്റെ മുഖഛായ തന്നെ മാറ്റിയത്.
കണ്ണൂരിലെ കല്ലറ തലായി എല്‍ പി സ്കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകന്‍ കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് സ്കൂള്‍ പഠനകാലത്താണ്. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹം കടുത്ത ദാരിദ്രത്തിലാണ് ബാല്യകാലം ജീവിച്ചത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സജീവരാഷ്ട്രീയത്തിലിറങ്ങിയ കോടിയേരി പിന്നീട് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനമടക്കം തന്ത്രപ്രധാന സ്ഥാനങ്ങളും പാര്‍ലമെന്ററി പദവികളും അഭ്യന്തര മന്ത്രി സ്ഥാനവും വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വി.എസും പിണറായിയും രണ്ട് പക്ഷമായി നിൽക്കുമ്പോഴും ഇരുവർക്കുമിടയിൽ നിന്ന് സമചിത്തതയോടെ പാർട്ടിയെ നയിച്ചതും തുടർ ഭരണം ഉറപ്പാക്കിയതും ഇതേ സൗമ്യതയാർന്ന മുഖം തന്നെയാണ്.
വിഷയത്തെ സമചിത്തതയോടെ നേരിടുന്ന കോടിയേരി രീതിക്ക് നിരവധി ഉദാഹരണങ്ങളുമുണ്ട്. ഏറ്റവും ഒടുവിലായി അത് പ്രകടമായ ഒരു സംഭവം ഈ സമീപകാലത്തുണ്ടായി. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ കോടിയേരിയുടെ പ്രതികരണം ഇതിന് ഉദാഹരണമാണ്.റോഡിലെ കുഴി സംബന്ധിച്ച പരസ്യം വിവാദത്തിന് വഴിവെച്ചപ്പോൾ സിനിമാ ബഹിഷ്‌കരണത്തിന് വരെ അണികൾ ആഹ്വാനം ചെയ്തു. എന്നാൽ ആരെങ്കിലും എന്തെങ്കിലും എഴുതിയാല്‍ അത് പാര്‍ട്ടി നിലപാട് ആകില്ലെന്നും കലാസൃഷ്ടികളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെയാണ് പ്രശ്നം അവസാനിച്ചത്.
ധീരനായ സൗമ്യനായ കമ്യൂണിസ്റ്റിന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..!