കോടിയേരിക്ക് ചുവടുകൾ പിഴയ്ക്കുന്നുവോ.. ? അപ്രതീക്ഷിത നീക്കവുമായി ഇ.ഡി ; കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്താൻ തയ്യാറെടുക്കുന്നു : കസ്‌റ്റംസ്, ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരും ഉണ്ടായേക്കുമെന്നും സൂചന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിൽ കേസിൽ ബിനീഷ് കോടിയേരി അറസ്‌റ്റിലായതിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് നേരെ എന്ഫോഴ്സ്മെന്റിന്റെ അപ്രതീക്ഷിത നീക്കം. കോടിയേരി ബാലകൃഷ്‌ണന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തും.
പരിശോധനയ്ക്കായി
എട്ടംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘം തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റിന് പുറമെ കസ്‌റ്റംസ്, ഇന്‍കംടാക്‌സ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്ത് മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള വീട്ടിലാണ് അന്വേഷണ സംഘം എത്തുക. കോടിയേരിയുടെ വീടിന് പുറമെ, ബിനീഷിന്റെ ചില സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയേക്കും.
ബിനീഷുമായി ബന്ധമുള്ള തിരുവനന്തപുരത്തെ ഓള്‍ഡ് കോഫീ ഹൗസ്, യു എ എഫ് എക്സ് സൊല്യൂഷന്‍സ്, കാര്‍ പാലസ്, കാപിറ്റോ ലൈറ്റ്, കെ കെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളും ഇ. ഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
2008 മുതല്‍ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവില്‍ കളളപ്പണം വെളുപ്പിച്ചോയെന്ന് സംശയമുണ്ടെന്നും എന്‍ഫോഴ്സ്‌മെന്റ് വ്യക്തമാക്കി. ഇക്കാര്യത്തിലും എൻഫോഴ്സ്‌മെന്റിന്റെ അന്വേഷണമുണ്ടാകും.
കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ബിനീഷിനെതിരെയുള്ള ഇഡിയുടെ പ്രധാന കണ്ടെത്തലുകൾ വ്യക്തമാക്കുന്നുണ്ട്. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ കൈമാറി.
ഇതേ കാലയളവിൽ ബിനീഷ് ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്.