പാർട്ടി നേതൃത്വം വീണ്ടും പിണറായി – കോടിയേരി കോക്കസിലേക്ക്; പാർട്ടി സെക്രട്ടറിയെ പോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമായി കോടിയേരി; രോഗാവസ്ഥ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണൻ പൂർവ്വാധികം ശക്തിയോടെ തൽസ്ഥാനത്ത് തിരിച്ചെത്തുന്നു; കോടിയേരിയുടെ രണ്ടാം വരവ് പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യ പ്രകാരം; കണ്ണുരിലെ നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നു

പാർട്ടി നേതൃത്വം വീണ്ടും പിണറായി – കോടിയേരി കോക്കസിലേക്ക്; പാർട്ടി സെക്രട്ടറിയെ പോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമായി കോടിയേരി; രോഗാവസ്ഥ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണൻ പൂർവ്വാധികം ശക്തിയോടെ തൽസ്ഥാനത്ത് തിരിച്ചെത്തുന്നു; കോടിയേരിയുടെ രണ്ടാം വരവ് പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യ പ്രകാരം; കണ്ണുരിലെ നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നു


സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാഷ്ട്രീയവഴികളിൽ സ്വയം ചീത്തപ്പേരു വരുത്തിയില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായും 2008 മുതൽ പാർട്ടിയുടെ സമുന്നത തലമായ പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും തലയുയർത്തി നിന്ന കോടിയേരിയുടെ പിൻമാറ്റം പാർട്ടിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാനായിരുന്നെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇളയമകൻ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതോടെ വീണ്ടും പാർട്ടിയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കോടിയേരി.

‘‘പാർട്ടി വേറെ മകൻ വേറെ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ലെന്നും രണ്ടും ഒന്നാണെന്നും എല്ലാവർക്കും ബോധ്യമായി. മകൻ തെറ്റു ചെയ്താൽ പാർട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്തം എന്നായിരുന്നു ചോദിച്ചിരുന്നത്. ഇപ്പോൾ അതു മാറിയല്ലോ’’ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്തതിനെക്കുറിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.ഭാവി മുഖ്യമന്ത്രിയെന്നു പോലും ഒരുവേള വിശേഷിപ്പിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്റെ വഴികൾ എക്കാലത്തും വിവാദങ്ങൾ കൊണ്ടു മൂടിയതു മക്കളായിരുന്നു.അതുകൊണ്ടുത്തന്നെയാണ് അർബുദ ചികിത്സയെന്ന കാരണം കാണിച്ച് പാർട്ടിയെ ആരോപണങ്ങളിൽ നിന്ന് രക്ഷിക്കാനായി 2020 നവംബറിൽ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിച്ചു. എന്നാൽ പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചുവരുമെന്നുള്ള അഭ്യൂഹമാണ് സംസ്ഥാന സമിതിയുമായി ബന്ധപ്പെട്ട് ശക്തമായി പ്രചരിക്കുന്നത്.

അടുത്ത മാസം 6,7 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ കോടിയേരി വീണ്ടും ചുമതല ഏറ്റെടുക്കും. അതിനു മുൻപായി സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. ഇതോടെ വിജയരാഘവൻ ഇടതു കൺവീനർ മാത്രമാകും.

അർബുദ രോഗ ചികിത്സയ്ക്കു വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തതും പകരം എ.വിജയരാഘവനു ചുമതല നൽകിയതും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ അറസ്റ്റിലായത് സൃഷ്ടിച്ച പ്രതിസന്ധി കൂടി കണക്കിലെടുത്താണ് അദ്ദേഹം മാറി നിന്നത്. ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകുകയും ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ കോടിയേരി തിരിച്ചെത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് അനുകൂല മനസ്സാണ്. ആക്ടിങ് സെക്രട്ടറിയുടെ കീഴിൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യവും ഇതോടെ മാറും. വീണ്ടും സെക്രട്ടറിയായി കോടിയേരിയെ തന്നെ തെരഞ്ഞെടുക്കുകയും ചെയ്യും.

രോഗാവസ്ഥ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണൻ പൂർവ്വാധികം ശക്തിയോടെ തൽസ്ഥാനത്ത് തിരിച്ചെത്താനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യമാണ് കോടിയേരിയുടെ തിരിച്ചു വരവ്. നേരത്തെ തന്നെ തിരുവനന്തപുരത്തെ ഒരു പ്രമുഖ ട്രേഡ് യൂനിയൻ നേതാവും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ഒരു നേതാവിന്റെ നേത്യത്വത്തിൽ കോടിയേരി തിരിച്ചു വരുന്നതിനെതിരെ പാർട്ടിക്കുള്ളിൽ നീക്കം നടത്തിരുന്നു. ഇതിനിടെ കോടിയേരിയുടെ സ്വന്തം നാടായ കണ്ണുരിൽ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് കോടിയേരി തിരിച്ചു വരുന്നതിനെതിരെ നീക്കം നടത്തി. ഇതോടെയാണ് ബിനീഷ് പുറത്തെത്തും വരെ ചുമതല ഏൽക്കേണ്ടതില്ലെന്ന തീരുമാനം കോടിയേരി എടുത്തത്.

കോടിയേരി വന്നേ മതിയാകൂവെന്ന തീരുമാനത്തിലാണ് പിണറായി. പാർട്ടി നേതൃത്വം വീണ്ടും പിണറായി – കോടിയേരി കോക്കസിലേക്ക് ഒതുങ്ങുന്നതിൽ കണ്ണുരിലെ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ മാറി പഴയ പാർട്ടി സെക്രട്ടറിയെ പോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമാണ് ഇപ്പോൾ കോടിയേരി. മന്ത്രിസഭാ ചർച്ചയിലും മറ്റും സജീവ സാന്നിധ്യമാണ്. ഘടകകക്ഷികളുമായി ചർച്ച നടത്തിയതും കോടിയേരിയാണ്. എൽ.ഡി.എഫ് കൺവീനർ ചുമതല കൂടിയുള്ളതിനാൽ നിലവിൽ ആക്ടിങ് സെക്രട്ടറിയായി തുടരുന്ന എ.വിജയരാഘവനെ നീക്കി കോടിയേരിയെ തൽസ്ഥാനത്തെത്തിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഐ ഫോൺ വിവാദവും മകൻ ബിനീഷിന്റെ ജയിൽവാസവും തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നത്. രാഷ്ട്രീയ സാഹചര്യത്തിനു പുറമേ ആരോഗ്യ കാരണങ്ങളാണ് ഇതിനു കാരണമായി പാർട്ടി പറഞ്ഞത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നതോടെ വിവാദങ്ങളുടെ മൂർച്ച കുറഞ്ഞു. ഇത് തെരഞ്ഞെടുപ്പിനെ ഒരു ഘട്ടത്തിലും ബാധിച്ചിരുന്നില്ല. പാർട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ കോടിയേരി പ്രചരണ പരിപാടികളിൽ പങ്കെടുത്തു. അതിന് ശേഷം മുന്നണി ചർച്ചയിലും ഭാഗമായി. ദേശാഭിമാനിയുടെ ചുമതലയും നൽകി.

മക്കൾ വിവാദം തലവേദനയാകുമ്പോൾ

മന്ത്രിയായിരുന്നപ്പോഴും പാർട്ടി സെക്രട്ടറിയായപ്പോഴും അച്ഛനെ മക്കൾ വിവാദക്കുരുക്കുകൾ കൊണ്ടു മുറുക്കി. ഇളയ മകനായ ബിനീഷ് കോടിയേരിയായിരുന്നു വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ എന്നും മുന്നിൽ. സാമ്പത്തിക തട്ടിപ്പിൽ തുടങ്ങി പിതൃത്വപരിശോധന വരെ നേരിട്ട മൂത്ത മകൻ ബിനോയും പിന്നിട്ട വർഷങ്ങളിൽ പിതാവിന്റെ രാഷ്ട്രീയ പ്രതിച്ഛായ പോലും ഉടച്ച കേസുകളിൽ പിന്നിലായില്ല. ഒരു ഘട്ടത്തിൽ, മക്കളുടെ വിഷയത്തിൽ ഇനി ഇടപെടാനാകില്ലെന്ന സന്ദേശം പാർട്ടി കോടിയേരിക്കു നൽകി. മക്കളെ നിയന്ത്രിക്കാനാകാത്തയാൾക്ക് എങ്ങനെ പാർട്ടിയെ നയിക്കാനാകുമെന്ന ചോദ്യമായിരുന്നു വിമർശകരുടേത്. ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്ത് ബെംഗളൂരു ജയിലിലടച്ചതോടെ പാർട്ടിയിൽ രാജി സമ്മർദം ശക്തമായി. നേതൃത്വം പിന്തുണച്ചില്ലെന്ന തോന്നൽ കൂടി ഉള്ളിലൊതുക്കിയാണ് കോടിയേരി രാഷ്ട്രീയ അവധിയെടുക്കുന്നതും

വിവാദങ്ങളിൽ ബിനീഷ് മുമ്പൻ

സിപിഎമ്മിനകത്തെ പ്രതിച്ഛായാ ചർച്ചകളിൽ ബിനീഷ് കോടിയേരി സ്ഥാനമുറപ്പിക്കുന്നത് വർഷങ്ങൾക്കു മുൻപ് കിളിരൂർ കേസിലെ ‘വിഐപി’ വിവാദമുയർന്നപ്പോഴാണ്. പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ പേരിൽ വി.എസ്. അച്യുതാനന്ദൻ നേരിട്ടു പറയാതെ, ഒരു വിഐപിയുടെ പേര് എടുത്തിട്ട്, ബിനീഷിനെ സംശയമുനയിൽ നിർത്തിയതാണ് അന്ന് ആരോപണമായത്. ബെംഗളൂരുവിൽ വിദേശ വനിതയ്ക്കൊപ്പം നിൽക്കുന്ന ബിനീഷിന്റെ ഫോട്ടോ പ്രചരിച്ചതും വിവാദമായി. കടലിൽ കുളിക്കുന്നവനെ ഉപ്പുവെള്ളം കാണിച്ച് പേടിപ്പിക്കരുതെന്നായിരുന്നു ഇതിന് അന്നു ബിനീഷിന്റെ മറുപടി.

എന്നാൽ പലതലങ്ങൾ പിന്നിട്ട് ഒടുവിൽ ലഹരിമരുന്നു കേസിൽ ബിനീഷ് കുടുങ്ങിയതോടെ പാർട്ടിക്ക് ഒരു തരത്തിലും അത് ന്യായീകരിക്കാനാകാത്ത സ്ഥിതിയായി. സംസ്ഥാനത്തെ വലിയ വിദ്യാർഥി–യുവജനസംഘടനകൾക്ക് നേതൃത്വം കൊടുക്കുന്നുവെന്നതിൽ അഭിരമിക്കുന്ന പാർട്ടിക്ക് സംസ്ഥാന സെക്രട്ടറിയുടെ മകൻ ലഹരിമരുന്നു കേസിൽ അകപ്പെട്ടത് ന്യായീകരിക്കാൻ ആകുന്നതായില്ല.

വിവാദച്ചുഴിയിൽ ബിനോയിയും

രണ്ടു വർഷം മുൻപ് ബിനോയിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചതു മുംബൈ ഓഷിവാര പൊലീസാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ബന്ധത്തിൽ 8 വയസ്സുള്ള മകനുണ്ടെന്നും ആരോപിച്ച് ബിനോയിക്കെതിരെ ബിഹാർ സ്വദേശിയായ യുവതി മുംബൈ അന്ധേരിയിലെ ഓഷിവാര പൊലീസിൽ പരാതി നൽകിയത് 2019 ജൂണിൽ. സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനു പിന്നാലെ ബിനോയ് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് നിർദേശിച്ച ഹൈക്കോടതി, കേസ് റദ്ദാക്കണമെന്ന ഹർജി 2021 ജൂണിലേക്കു മാറ്റി. കേസിൽ മുംബൈ പൊലീസ് ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

10 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയ കേസിൽ ബിനോയിക്കെതിരെ 2018 ൽ തന്നെ യുഎഇ സ്വദേശിയുടെ ജാസ് ടൂറിസം കമ്പനി കേസ് നൽകിയിരുന്നു. കോടതി ചെലവുൾപ്പെടെ 13 കോടി രൂപ നൽകാനുണ്ടെന്നു കാണിച്ചു യുഎഇ പൗരൻ സിപിഎം കേന്ദ്ര നേതൃത്വത്തെയും സമീപിച്ചു. യുഎഇ അധികൃതർ യാത്രാവിലക്കും ഏർപ്പെടുത്തി. എന്നാൽ പിന്നീട് കേസ് ഒത്തുതീർപ്പാക്കിയതിനെ തുടർന്നു യാത്രാവിലക്കു നീങ്ങി.

സാമ്പത്തികത്തട്ടിപ്പു കേസിൽ യുഎഇ കോടതി വിധിച്ച 2 മാസം തടവിൽ നിന്നു ബിനീഷ് രക്ഷപ്പെട്ടത് പണം തിരിച്ചടച്ച് ഒത്തുതീർപ്പിലൂടെയാണ്. സൗദി ആസ്ഥാനമായ സാംബ ഫിനാൻസിയേഴ്സിന്റെ ദുബായ് ശാഖയിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചയ്ക്കാതിരുന്നതിനെ തുടർന്നു ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ ബിനീഷിനെതിരെ 2015 ഓഗസ്റ്റ് 6നു കേസ് റജിസ്റ്റർ ചെയ്തു. 2,25,000 ദിർഹം (ഏകദേശം 45.6 ലക്ഷം രൂപ) അടയ്ക്കാനുണ്ടെന്നായിരുന്നു റിപ്പോർട്ട്.

പാർട്ടി പിന്തുണയില്ലാതെ, ആരോഗ്യപ്രശ്നത്തിൽ പിൻമാറ്റം

വിവാദങ്ങൾക്കിടെ ആരോഗ്യപ്രശ്നങ്ങളും കോടിയേരിയെ ഏറെ വലച്ചു. 2019 ഒക്ടോബർ 28ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെന്ററിൽ പാൻക്രിയാസ് കാൻസറിനുളള അടിയന്തര ചികിത്സയ്ക്കു കോടിയേരി പോയി. അന്ന് ആഴ്ചകൾ നീണ്ട ചികിൽസയ്ക്കും വിശ്രമത്തിനുമിടയിൽ മറ്റൊരാൾക്കു ചുമതല നൽകാതെ പാർട്ടി സെന്റർ തന്നെയാണ് സെക്രട്ടറിയുടെ ചുമതലകൾ ഏകോപിപ്പിച്ചത്. എന്നാൽ പുതിയ സംഭവവികാസങ്ങൾക്കിടെ പാർട്ടിയുടെ സജീവ പിന്തുണ കോടിയേരിക്കു നഷ്ടമായി. തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്കിടെ ബിനീഷ് വിഷയം വീണ്ടും സിപിഎമ്മിനെതിരെ എതിരാളികൾ ശക്തമായി ഉന്നയിക്കാതിരിക്കാനാണ് ആരോഗ്യപ്രശ്നങ്ങൾ ഉയർത്തി കോടിയേരിയുടെ പിൻമാറ്റമെന്നും വിലയിരുത്തലുണ്ട്. വിദേശത്തു ചികിൽസയ്ക്കു പോയപ്പോൾ പോലും കോടിയേരി അവധിക്ക് അപേക്ഷിച്ചിരുന്നില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കാം. 2015 ൽ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി ആദ്യമായി പാർട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്. 2018 ൽ തൃശൂർ സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.