video
play-sharp-fill

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസെടുത്തു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസെടുത്തു

Spread the love

സ്വന്തം ലേഖിക

മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതിയുമായി യുവതി. ബിഹാർ സ്വദേശിനിയാണ് വിവാഹ വാഗ്ദാനം നൽകി ബിനോയ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇവർ മുംബയ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും അന്ധേരി ഓഷിവാര പൊലീസിൽ നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു. 2009 മുതൽ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന 33 കാരിയാണ് പരാതിക്കാരി. ഡാൻസ് ബാറിലെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയിയെ അവിടെവെച്ചാണ് പരിചയപ്പെടുന്നതെന്നും ജോലി ഉപേക്ഷിച്ചാൽ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.ബിനോയിയുമായുള്ള ബന്ധത്തെ തുടർന്ന് 2009 നവംബറിൽ ഗർഭിണിയായെന്നും തുടർന്ന് മുംബയിലെത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കൾക്കും ബിനോയ് ഉറപ്പുനൽകിയിരുന്നു. 2010ൽ അന്ധേരിയിൽ ഫ്‌ളാറ്റ് വാടകയ്ക്കെടുത്ത് അവിടെ താമസിപ്പിച്ചു. ബിനോയ് പതിവായി അവിടെ വന്നുപോകും. എല്ലാമാസവും പണം അയച്ചുതന്നിരുന്നു. എന്നാൽ 2015 ലാണ് തന്നെ ഒഴിവാക്കാൻ ശ്രമം തുടങ്ങിയത്. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസിലാക്കുന്നതെന്നും യുവതി പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ കേസെടുത്തു.ഐ.പി.സി സെക്ഷൻ 376, 376(2), 420,504,506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിൽ വരുന്നത്.എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ബിനോയ് നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയെ നേരത്തെ അറിയാമെന്നും എന്നാൽ തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിനോയ് പ്രതികരിച്ചു. മുംബയിൽ തന്നെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി പറഞ്ഞു.