
കണ്ണൂർ: സാധാരണഗതിയില്‍ കേരളത്തില്‍ ഒരാള്‍ക്ക് ലോട്ടറി അടിച്ചാല്‍ എന്തൊക്കെയാണ് ചെയ്യാൻ സാധ്യത എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്.
ഒരുപക്ഷേ സ്വകാര്യത മാനിച്ച് അയാള്‍ മാധ്യമങ്ങള്‍ക്ക് മുൻപില്‍ വരാതിരിക്കാം. നേടിയ പ്രൈസ് തുകയ്ക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെടാനും സാധ്യതകള്‍ ഏറെയാണ്. എങ്കിലും ബാങ്കില്‍ ടിക്കറ്റ് കൊടുത്ത് എത്രയും പെട്ടെന്ന് തന്നെ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കുക എന്നതാവും ഏതൊരാളുടെയും ലക്ഷ്യം.
പൊതുവെ നമ്മള്‍ കൂടുതലായി ശ്രദ്ധിക്കാറുള്ളത് ഈ ബമ്പർ ലോട്ടറികളെ മാത്രമാണ്. എന്നാല്‍ ഓരോ ദിവസവും കേരളത്തില്‍ കോടിപതികള്‍ ജനിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു കോടിപതി തന്റെ അത്യാഗ്രഹം കൊണ്ട് കാണിച്ചുകൂട്ടിയ വിവരക്കേട് അയാളുടെ ആ നേട്ടം തന്നെ ഇല്ലാതാക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരിക്കുകയാണ് ഇപ്പോള്‍. മറ്റ് എവിടയുമല്ല, നമ്മുടെ സ്വന്തം കണ്ണൂരില്‍ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകള്‍ക്ക് സംസ്ഥാന സർക്കാർ നല്‍കുന്ന പണത്തേക്കാള്‍ കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിലാണ് പേരാവൂരില്‍ നിന്നുള്ള ഒരു വ്യക്തി ചെന്ന് പെട്ടത്. ഒരുകോടി രൂപ സമ്മാനം ലഭിച്ചാല്‍ നിയമാനുസൃതം ലഭിക്കുന്ന 63 ലക്ഷം രൂപയേക്കാള്‍ കൂടുതല്‍ പണം മോഹിച്ച് ടിക്കറ്റ് മറിച്ചുവില്‍ക്കാൻ തയ്യാറായ പേരാവൂർ സ്വദേശി അക്കരമ്മല്‍ സാദിഖിനാണ് ഭീമൻ നഷ്‌ടം ഉണ്ടായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ ഡിസംബർ 30-ന് നറുക്കെടുത്ത കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം സാദിഖിനായിരുന്നു അടിച്ചത്. 12 ടിക്കറ്റുകളടങ്ങുന്ന സെറ്റാണ് പേരാവൂരിലെ കെ കൃഷ്‌ണന്റെ ഇരിട്ടി റോഡിലെ ധനലക്ഷ്‌മി ലോട്ടറി സ്‌റ്റാളില്‍ നിന്ന് സാദിഖ് സ്വന്തമാക്കിയത്. ഇതിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഭാഗ്യനേട്ടം ലഭിച്ചതോടെ സാദിഖിനെ തേടി തട്ടിപ്പ് സംഘങ്ങള്‍ നിര നിരയായി പേരാവൂരിലേക്ക് എത്തുകയായിരുന്നു.
80 ലക്ഷം മുതല്‍ വിവിധ തുകകള്‍ ഓഫർ ചെയ്‌ത് സാദിഖിനെ കെണിയില്‍ വീഴ്ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരം സംഘങ്ങളിലൊന്നിലാണ് സാദിഖ് ചെന്ന് പെട്ടത്. ലോട്ടറി തുക സർക്കാരില്‍ നിന്ന് ലഭിക്കാൻ മാസങ്ങളെടുക്കുമെന്നും സർക്കാർ നല്‍കുന്നതിനേക്കാള്‍ 10 ലക്ഷം രൂപ അധികം നല്‍കാമെന്നുമുള്ള വാഗ്‌ദാനം ലഭിച്ചതോടെ സാദിഖ് അതില്‍ വീഴുകയായിരുന്നു.
നാട്ടുകാരില്‍ ചിലരും ഒപ്പം നിന്നതോടെ തട്ടിപ്പുസംഘത്തിന് ലോട്ടറി കൈമാറാൻ സാദിഖ് തയ്യാറാവുകയായിരുന്നു. സമ്മാനാർഹമായ ലോട്ടറി കൈയില്‍ കിട്ടിയ ഉടൻ തട്ടിപ്പുസംഘം സാദിഖിന്റെ സുഹൃത്തിനെയും കൊണ്ട് രക്ഷപ്പെട്ടെങ്കിലും തട്ടിപ്പുസംഘാംഗമായ ഒരാളെ തടങ്കലിലാക്കി ചെറുക്കാൻ ശ്രമിച്ച സാദിഖിനെ രക്ഷിക്കാൻ പേരാവൂർ പോലീസിനും സാധിച്ചില്ല.
ഇയാളെ പിന്നീട് ഇവർ ബൈക്കില്‍ കയറ്റി കടന്നുകളയുകയും ചെയ്‌തു. വിവാദമായതോടെ വ്യാഴാഴ്‌ച രാവിലെ ഷുഹൈബിനെ പേരാവൂർ പോലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാല്‍ കൂടെയുണ്ടായിരുന്ന മറ്റു നാലുപേരെയും കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാൻ പേരാവൂർ പോലീസിന് ഇതുവരെയും സാധിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ പോലീസ് ഇടപെടല്‍ വൈകിയെന്നാണ് സാദിഖിന്റെ ആക്ഷേപം. എന്തായാലും ലോട്ടറി ടിക്കറ്റിനായി അന്വേഷണം ഊർജ്ജിതമാണ്.



