
കോടിമത നാലുവരിപ്പാതയിൽ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ: ആക്രമണത്തിന്റെ കാരണം ബാറ്ററി മോഷണം തന്നെയെന്നു പൊലീസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ലോറി ഡ്രൈവറുടെ തല അടിച്ചു പൊട്ടിച്ച അക്രമി സംഘത്തിലെ രണ്ടു പേർ പിടിയിൽ. വടവാതൂർ കളത്തിപ്പടി ചേലത്തുവീട്ടിൽ പ്യാരിലാൽ ധനേശൻ (36), പുതുപ്പള്ളി ആലപ്പാട് വീട്ടിൽ ഷിനു കൊച്ചുമോൻ (31) എന്നിവരെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫ് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവർ പുനലൂർ ഒറ്റയ്ക്കൽ മാങ്കോളത്ത് ഹൗസിൽ രാജന്റെ മകൻ രാജേഷിനെ(35) ആക്രമിച്ചു പരിക്കേൽപ്പിച്ചതായാണ് കേസ്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘം രാജേഷിനെ ആക്രമിച്ചത്. റോഡിരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ ബാറ്ററി മോഷ്ടിക്കുന്നതിനു പ്രതികൾ ശ്രമിച്ചു. രാജേഷ് ഇതിനെ ചോദ്യം ചെയ്യുകയും പ്രതികളെ തടയുകയും ചെയ്തു. ഇതേ തുടർന്നു പ്രതികൾ രാജേഷിനെ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികളെ മണർകാട് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിമത നാലുവരിപ്പാതയിലെ ഗതാഗതം പോലും തടസപ്പെടുത്തിയാണ് ശനിയാഴ്ച വൈകിട്ട് ഗുണ്ടാ സംഘം അഴിഞ്ഞാടിയത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന സമയത്താണ് നടുറോഡിൽ അക്രമി സംഘം അഴിഞ്ഞാടിയത്. ഗുണ്ടാ സംഘം അഴിഞ്ഞാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും തേർഡ്് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടിരുന്നു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ നിന്നും പ്രതികൾ കമ്പി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ ഡ്രൈവർ രാജേഷ് ഇവരെ തടയാൻ ശ്രമിച്ചു. ഇതോടെ ഓട്ടോറിക്ഷയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന കമ്പി വടിയെടുത്ത് പ്രതികൾ രാജേഷിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റു റോഡിൽ വീണ രാജേഷിനെ ചവിട്ടുകയും, മർദിക്കുകയും ചെയ്യുന്നതും വ്യക്തമായി കാണാം.
ഇതിനു ശേഷം രാജേഷിനെ നടുറോഡിൽ ഉപേക്ഷിച്ച ശേഷം അക്രമി സംഘം രക്ഷപെട്ടു. നാട്ടുകാർ ചേർന്നാണ് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു വയർലസ് സെറ്റിലൂടെ പൊലീസ് ഓട്ടോറിക്ഷയുടെ നമ്പർ കൈമാറി പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.