
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് പ്രതിരോധത്തിനായുള്ള തുടര്‍ പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ആശങ്കകളും തെറ്റിധാരണകളും പരിഹരിക്കുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സജീവ ഇടപെടല്‍ അനിവാര്യമാണെന്ന്
ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. രോഗചികിത്സയും പ്രതിരോധ നടപടികളും സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ ഘട്ടങ്ങളിലെന്ന പോലെ തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത തുടരണം. വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തി ഹോം ക്വാറന്‍റയിനില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. അവര്‍ പുറത്തിറങ്ങാന്‍ ഇട നല്‍കാതെ ആവശ്യമായ ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കുന്നതിന് മുന്‍കൈ എടുക്കണം. ക്വാറന്‍റയിന്‍ നിര്‍ദേശങ്ങള്‍ ആരും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വാര്‍ഡ് തല സമിതികള്‍ നിരീക്ഷണം ഊര്‍ജ്ജിതമാക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് സ്ഥിരീകരിക്കുന്ന പ്രദേശങ്ങളും ഹോം ക്വാറന്‍റയിനില്‍ ആളുകള്‍ താമസിക്കുന്ന മേഖലകളിലും തെറ്റിധാരണകളും അഭ്യൂഹങ്ങളും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കുന്നതിനുവേണ്ട ബോധവത്കരണം നടത്തണം. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വാര്‍ഡ്തല സമിതികളും തദ്ദേശസ്ഥാപന തല സമിതികളും നിശ്ചിത ഇടവേളകളില്‍ ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണം. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് സഹകരിക്കണം. മറ്റ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ആരോഗ്യ, ശുചീകരണ കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കണം.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉള്ളവരെയും ചികിത്സിക്കുന്നതിനായി സജ്ജീകരിക്കുന്ന സി.എഫ്.എല്‍.ടി.സികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും വേണം.
മാര്‍ക്കറ്റുകളില്‍ തൊഴിലാളികളും വ്യാപാരികളും ഡ്രൈവര്‍മാരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം-മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.