കോടതിയ്ക്ക് തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നു വിവാദ സ്വാമി നിത്യാനന്ദ
സ്വന്തം ലേഖിക
ന്യൂഡൽഹി: തന്നെ ആർക്കും തൊടാനാകില്ലെന്നും സത്യം വെളിപ്പെടുത്തുന്നതിനായി ഒരു കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നും ബലാത്സംഗം ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയായ ശേഷം ഇന്ത്യയിൽ നിന്ന് കടന്ന വിവാദ ആൾദൈവം നിത്യാനന്ദ. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്.
‘ സത്യവും യാഥാർത്ഥ്യവും തുറന്നുകാട്ടി നിങ്ങൾക്ക് മുന്നിൽ ഞാൻ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആർക്കും തൊടാൻ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടൻ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല. എനിക്ക് നിങ്ങളോട് സത്യം പറയാൻ സാധിക്കും, ഞാൻ പരമ ശിവനാണ്.’ – നിത്യാനന്ദ പറഞ്ഞു. നവംബർ 22 മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിത്യാനന്ദ പ്രസംഗിക്കുന്നതായാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്വഡോറിൽ നിന്ന് വാങ്ങിയ ദ്വീപിൽ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണ് തന്റെ രാജ്യമെന്നും ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ ആണിതെന്നും നിത്യാനന്ദ വെബ് സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു.
എന്നാൽ നിത്യാനന്ദയ്ത്ത് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോർ രംഗത്തെത്തി.ഇക്വഡോർ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് അഭയം നൽകണമെന്നുള്ള നിത്യാനന്ദയുടെ അഭ്യർഥന തങ്ങൾ തള്ളിയതായി വ്യക്തമാക്കുന്നത്.
നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും നിത്യാനന്ദയുടെ അഭ്യർത്ഥന തങ്ങൾ തള്ളിയതായും നിത്യാനന്ദ ഹെയ്തിയിലേക്ക് പോയതായും എംബസി വ്യക്തമാക്കി.
ബലാത്സംഗ കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതിനെത്തുടർന്നാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. മാത്രമല്ല, രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.