
തിരുവനന്തപുരത്തെ പന്തൽ പൊളിച്ച പോലീസ് എന്തേ കണ്ണൂരിൽ സി പി എം റോഡ് തടസപ്പെടുത്തി പന്തൽകെട്ടിയതു കണ്ടില്ലെയെന്ന് ഹൈക്കോടതി: സർക്കാരിന് ഇരട്ട നീതിയോ എന്ന് വാക്കാൽ ചോദിച്ച് കോടതി
കൊച്ചി: വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹർജികള്‍ പരിഗണിക്കവേ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി.
പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സർക്കാരിന് ഇരട്ട സമീപനമാണോയെന്ന് കോടതി ചോദിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാർ കെട്ടിയ ടാർപോളിൻ പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
വഞ്ചിയൂരിലടക്കം ഗതാഗതം തടസ്സപ്പെടുത്തി യോഗങ്ങള്‍ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹർജികള്‍ പരിഗണിക്കവേയാണ് കോടതി വാക്കാല്‍ പരാമർശം നടത്തിയത്. ഇത്തരം സംഭവങ്ങളില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകളുടെ ചാർട്ട് ഒരാഴ്ചക്കകം ഹാജരാക്കാൻ കോടതി നിർദേശിച്ചു. ചുമത്തിയ വകുപ്പുകളും വ്യവസ്ഥകളുമടക്കം രേഖപ്പെടുത്തി നല്‍കാനാണ് നിർദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാന സംഭവങ്ങളിലെല്ലാം നടപടിയെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു. കണ്ണൂരില്‍ നടന്നത് പ്രതിഷേധ പരിപാടിയാണെന്നും തത്സമയ നടപടിക്ക് പരിമിതിയുണ്ടെന്നും വിശദീകരിച്ചു. എന്നാല്‍, വഞ്ചിയൂരിലേത് പാർട്ടി ഏരിയ സമ്മേളനമായിരുന്നുവെന്നും നാടകം നടത്താൻ കൂടിയാണ് റോഡ് അടച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
പന്തല്‍ നീക്കാൻ ശ്രമിച്ചപ്പോള്‍ പാർട്ടി ഭാരവാഹി തടഞ്ഞതായാണ് പൊലീസ് നല്‍കിയ വിശദീകരണം. ഇയാള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. പ്രതികള്‍ക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ വ്യവസഥയടക്കം ചുമത്തിയിട്ടുണ്ടോയെന്നും ചോദിച്ചു.
പ്രതിഷേധം വേണം. അത് നടപ്പാതയില്‍ പാടില്ല. അവിടെ അടച്ചുകെട്ടിയാല്‍ മുതിർന്ന പൗരന്മാർക്ക് റോഡിലിറങ്ങി നടക്കേണ്ടിവരും. ഇത് അപകടത്തിനിടയാക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, റോഡ് തടഞ്ഞ് സമ്മേളനങ്ങള്‍ നിരോധിച്ച് ജനുവരിയില്‍ പുതിയ സർക്കുലർ ഇറക്കിയതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധിക സത്യവാങ്മൂലത്തിലൂടെ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, സർക്കാർ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.