കോഴിക്കോട്: കേരളത്തിലെ കോടതി മുറിയില്‍ പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥ. സംസ്ഥാനത്തെ ഒരു അഡീഷണല്‍ ജില്ലാ ജഡ്ജി തൻ്റെ ചേംബറില്‍ വെച്ച് വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണ.
കോഴിക്കോട്ട് ആണ് നിയമവൃത്തങ്ങളെ ഞെട്ടിച്ച സംഭവമുണ്ടായത്. ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാർ അടിയന്തര യോഗം ചേർന്ന് റിപ്പോർട്ട് തേടി.
കോഴിക്കോട്ടെ ഒരു അഡീഷണല്‍ ജില്ലാ ജഡ്ജി തൻ്റെ ചേംബറില്‍ വെച്ച് വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നൂറിലധികം വരുന്ന കോടതി ജീവനക്കാർ പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും വനിതാ ജീവനക്കാരായിരുന്നു.
സംഭവമറിഞ്ഞ ജില്ലാ സെഷൻസ് ജഡ്ജി ഉടൻ തന്നെ ആരോപണ വിധേയനായ അഡീഷണല്‍ ജില്ലാ ജഡ്ജിയെ തൻ്റെ ചേംബറിലേക്ക് വിളിപ്പിച്ചു. സെഷൻസ് ജഡ്ജിയുടെ സാന്നിധ്യത്തില്‍ ആരോപണ വിധേയനായ ജുഡീഷ്യല്‍ ഓഫീസർ വനിതാ ജീവനക്കാരിയോട് മാപ്പു പറഞ്ഞു. ഈ സമയം മറ്റൊരു ജഡ്ജിയും പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജിയുടെ ചേംബറില്‍ ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ലൈംഗികാതിക്രമത്തിന് വിധേയയായ ജീവനക്കാരി രേഖാമൂലം പരാതി ഉന്നയിക്കാൻ തയ്യാറായിട്ടില്ല. സംഭവമറിഞ്ഞ ഹൈക്കോടതി രജിസ്ട്രി ആരോപണ വിധേയനെ ഉടൻ തന്നെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റി നിയമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ചീഫ് ജസ്റ്റിസ് നിഥിൻ മധുകർ ജാംദാറിൻ്റെ അധ്യക്ഷതയില്‍ മുതിർന്ന ജഡ്ജിമാരുടെ യോഗം ഓണ്‍ലൈനായി ചേർന്ന് സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് തേടി.
കോടതി മുറിയില്‍ നടന്ന സംഭവം നിയമവൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. അതേസമയം ലൈംഗികാതിക്രമം പോലൊന്ന് ജഡ്ജിമാർ ഇടപെട്ട് ഒത്തുതീർപ്പ് ആക്കി എന്നതില്‍ ആക്ഷേപം ഉയരുന്നുണ്ട്. വാദിയെയും പ്രതിയെയും ഒന്നിച്ച് ഇരുത്തിയതിലൂടെ അനാവശ്യ സമ്മർദമാണ് സൃഷ്ടിച്ചതെന്നും, ഇതിനാലാണ് രേഖാമൂലം പരാതി നല്‍കാനുള്ള സാഹചര്യം ഇല്ലാതെ പോയതെന്നും ആണ് ആരോപണം.