
കോട്ടയം: കറികളില്‍ സ്വാദിനായി ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് കുടംപുളി, ഇതിൻ്റെ വിത്ത് ഇല, തൊലി എന്നിവ എല്ലാം ഔഷധ യോഗ്യമാണ്.
കുടപോലെ വിരിഞ്ഞു നില്‍ക്കുന്ന പുളിമരങ്ങള്‍ കായ്ക്കാന്‍ തുടങ്ങിയതോടെ അപ്പര്‍ കുട്ടനാട്ടിലും മലയോര പ്രദേശങ്ങളിലും കുടംപുളി സീസണിന് തുടക്കമായി.
കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ മൂലം കായ്ക്കളുടെ തോത് കുറവാണെങ്കിലും പറമ്പുകളിൽ പുളി ശേഖരണത്തിനായി നിരവധി പേർ എത്തുന്നു. മഴക്കാലത്ത് താഴെ വീഴുന്ന പഴുത്ത പുളി ശേഖരിച്ച് ഉണക്കുന്നത് ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുറിച്ചെടുത്ത പുളിയുടെ ഉള്ളിലെ കായ വേര്‍തിരിച്ച ശേഷം പ്രത്യേകമായി തയ്യാറാക്കിയ തട്ടുകളിൽ നിരത്തി വെയ്ക്കുന്നു. അടിയില്‍ തൊണ്ട്, ചിരട്ട, പച്ചില തുടങ്ങിയവ ഉപയോഗിച്ച് തീകൊളുത്തി പുകച്ച് ഉണക്കുന്നതാണ് പതിവ് രീതി. മഴയും പുറംതണുപ്പും ഉള്ള സമയത്ത് പുളി ഉണങ്ങി കറുപ്പായി മാറാന്‍ ഏറെ ദിവസങ്ങള്‍ എടുത്തേക്കാം. പുകയുടെയും ചൂടിന്റെയും തീവ്രതയെ ആശ്രയിച്ചായിരിക്കും പുളിയുടെ ഉണക്ക് വേഗത്തിലാകുന്നത്.
ഏറെ ഗുണങ്ങളുള്ള ഒന്നാണ് കുടംപുളി. ആയുര്‍വേദ മരുന്ന് ഉണ്ടാക്കുന്നതിനും കുടംപുളി ഉപയോഗിക്കുന്നു. മരുന്ന് കമ്പനികൾ പുളി മൊത്തത്തില്‍ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. രുചിയുള്ള മീന്‍കറിയ്ക്ക് കുടംപുളി നിര്‍ബന്ധമായതിനാല്‍ വില എത്രയായലും വാങ്ങാന്‍ ആളുകള്‍ തയ്യാറാണ്. അവധിക്ക് നാട്ടിലെത്തുന്ന വിദേശ മലയാളികള്‍ മടക്കയാത്രയില്‍ ഒരു പൊതി കുടംപുളി കൊണ്ടു പോകുന്നത് പതിവാണ്.
കടകളില്‍ 300 രൂപയ്ക്കാണ് വില്പന. വീടുകളില്‍ നിന്ന് 220 രൂപ മുതല്‍ ലഭിക്കും. കര്‍ണാടകയിലെ കുടക് പോലെയുള്ള സ്ഥലങ്ങളില്‍ നിന്ന് നിലവാരമില്ലാത്ത പുളി എത്തുന്നതാണ് മറ്റൊരു വെല്ലുവിളി.