
സ്വന്തം ലേഖകൻ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂർ സ്വദേശി അബ്ദുൾ ഷാഹിദിന്റെ ഭാര്യ ജിൻഷ ആണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപ അന്വേഷണ സംഘം പിടികൂടുകയും ചെയ്തിട്ടുണ്ട്. കൊടകര കുഴൽപ്പണ കേസിലെ കവർച്ചാപണം ഒളിപ്പിച്ചതിനാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ജിൻഷയുടെ അറസ്റ്റോടെ കൊടകര കുഴൽപ്പണ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
പണം ബാങ്കിൽ നിക്ഷേപിക്കാനായി എത്തിയപ്പോഴാണ് ജിൻഷ അറസ്റ്റിലായത്. ഒന്നര ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നതാണെന്നും, ബാങ്കിൽ നിക്ഷേപിച്ച ഏഴ് ലക്ഷം രൂപ കൊടകരയിൽ നിന്നു കവർച്ച ചെയ്തതാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്തിൻറെ ഭാര്യ ദീപ്തിയും അറസ്റ്റിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ മൂന്നരക്കോടി രൂപ വാഹനം തടഞ്ഞ് തട്ടിയെടുത്തത്. ഇതിൽ 1.47 കോടിയോളം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ കുറ്റപത്രം നൽകി വിചാരണ തുടങ്ങാനിരിക്കെ ബാക്കി പണം കണ്ടെത്താനായി രണ്ടാംഘട്ട അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം.