
കൊച്ചി :നഗരത്തില്‍ എയർ ഹോണുകള്‍ കൂട്ടത്തോടെ നശിപ്പിച്ച റോഡ് റോളറിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്.
ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇന്നലെ എയർ ഹോണുകള്‍ നശിപ്പിച്ചത്. ഇതിന് പിന്നാലെ എയർ ഹോണ്‍ പൊളിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായത്.
ഈ റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുടെ നടപടിയെ ചാമക്കാല പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടല്‍. റോഡ് റോളറിന്റെ ഉടമയ്ക്ക് ഒരാഴ്ചയ്ക്കകം പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശം നല്‍കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
കൊച്ചിയില്‍ നടന്നത് വ്യാപക പരിശോധന
കൊച്ചിയില്‍ ഇന്നലെ രാവിലെ മുതല്‍ വ്യാപക പരിശോധനയാണ് നടന്നത്. നിരവധി അന്തർ സംസ്ഥാന ബസുകളില്‍ നിന്നടക്കം എയർഹോണുകള്‍ പിടിച്ചെടുത്തിരുന്നു. വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത എയർഹോണുകള്‍ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എയർഹോണുകള്‍ക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക പരിശോധന നടത്തണമെന്നും പിടിച്ചെടുക്കുന്ന എയർഹോണുകള്‍ റോഡ് റോളർ ഉപയോഗിച്ച് തകർക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദർശിപ്പിക്കണമെന്നുമായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിൻറെ നിർദേശം. ഈ നിർദേശം നടപ്പാക്കികൊണ്ടാണ് എംവിഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
മന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് കൊച്ചിയില്‍ റോഡ് റോളർ ഉപയോഗിച്ച് എയർഹോണുകള്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എയർഹോണുകള്‍ക്കെതിരെ പരിശോധന നടന്നിരുന്നു. വ്യാപകമായി എയർഹോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.



