
കൊച്ചി: പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചുപോയ പെണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറില്ല.
കുഞ്ഞിനെ സംരക്ഷിക്കാനുള്ള പശ്ചാത്തലം മാതാപിതാക്കള്‍ക്ക് ഇല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അവര്‍ക്ക് നേരിട്ട് വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പകരം കുഞ്ഞിനെ ഝാര്‍ഖണ്ഡ് ശിശുക്ഷേമസമിതി (സിഡബ്ല്യൂസി)ക്ക് കൈമാറും. നിധിയെന്ന് പേരിട്ട കുഞ്ഞ് നിലവില്‍ കൊച്ചിയിലെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലാണുള്ളത്.
കുഞ്ഞിനെ കൈമാറുന്നപക്ഷം മാതാപിതാക്കള്‍ക്ക് അവളെ സുരക്ഷിതമായി നോക്കാനുള്ള സാഹചര്യമാണോ ഉള്ളതെന്നായിരുന്നു സിഡബ്ല്യൂസി പരിശോധിച്ചത്. ഇതിന്റെ ഭാഗമായി ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിയില്‍നിന്ന് റിപ്പോര്‍ട്ടും തേടിയിരുന്നു. രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, അതിന് ആവശ്യമായ സാമ്പത്തിക സ്ഥിതിയേക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്ക് കൈമാറേണ്ടതില്ലെന്നും പകരം ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറാനും തീരുമാനിച്ചത്.
കൈമാറാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് നല്‍കാം. അല്ലെങ്കില്‍ ദത്ത് നടപടികള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് കടക്കാം. കുഞ്ഞിനെ അവരവരുടെ സംസ്‌കാരത്തിന് അനുസൃതമായി വളര്‍ത്തണമെന്നതുകൂടി പരിഗണിച്ചാണ് കുഞ്ഞിനെ ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരിയിലാണ് ജനിച്ച ഉടന്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ഝാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനും അമ്മയും നിധിയെ ഉപേക്ഷിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ചികിത്സയും പരിചരണവും ഉറപ്പാക്കുകയും പിന്നീട് ശിശുക്ഷേമസമിതിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു