
കൊച്ചി:രാത്രി ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവർക്ക് നേരെ തെരുവ് നായ ആക്രമണം. ആക്രമണത്തിൽ ഇടുക്കി ആനവിരട്ടി മേലേത്ത് വീട്ടിൽ പൗലോസ് വർഗീസി(38)ന്റെ മുഖത്ത് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 12.30ഓടെ ആയിരുന്നു സംഭവം.
എരൂർ കപ്പട്ടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള പന്തൽ നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന ഗോഡൗണിന് മുന്നിൽ വെച്ചാണ് ആക്രമണം നേരിട്ടത്.
രാത്രി ലോഡുമായി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്നും എരൂരിൽ എത്തിയതായിരുന്നു പൗലോസ്. ലോറി പാർക്ക് ചെയ്ത് വാഹനത്തിനുള്ളിൽ കിടന്നതിന് പിന്നാലെ ഒരുകൂട്ടം നായ്ക്കൾ ലോറിക്ക് താഴെ തമ്പടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരിയിടുകയും കടിപിടി കൂടുകയും ചെയ്ത് ബഹളം കൂടിയതോടെ പൗലോസ് നായ്ക്കളെ ഓടിച്ച് വിട്ടു. കൂട്ടമായി ഓടിപ്പോയ നായ്ക്കളിൽ നിന്നും ഒരു നായ അപ്രതീക്ഷിതമായി പിന്തിരിഞ്ഞ് ഓടി വന്ന് പൗലോസിന്റെ കാലിൽ കടിച്ചു.
ഇതിനിടെ താഴെ വീണ് പോയ പൗലോസിനെ നായ വീണ്ടും ആക്രമിച്ചു. പൗലോസിന്റെ കീഴ് ചുണ്ട് രണ്ട് കഷണമായി. വലത് കൈയിലെ മോതിര വിരലിന്റെ അറ്റവും നായ കടിച്ചെടുത്തു.
കാൽ മുട്ടിലും ആഴത്തിൽ കടിയേറ്റു. ഒടുവിൽ മുഖത്ത് കടിച്ച് പിടിച്ച നായയുടെ വായ വലിച്ച് അകറ്റി നായയെ കറക്കി എറിഞ്ഞു. നായ വീണ്ടും കടിക്കാനെത്തിയതോടെ സമീപത്ത് ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലത്തേക്കോടി അവരുടെ കതകിൽ മുട്ടി.
നായയും പിന്നാലെ ഓടിയെത്തിയെങ്കിലും ആൾക്കൂട്ടത്തെ കണ്ടതോടെ പിന്മാറി. ഇതര സംസ്ഥാന തൊഴിലാളികളാണ് പൗലോസിനെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചത്.
പ്രാഥമിക കുത്തിവയ്പുകൾക്കും ചികിത്സയ്ക്കും ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വായ് മുറിഞ്ഞിരിക്കുന്നതിനാൽ ദ്രവ രൂപത്തിലാണ് ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്.



