
കൊച്ചി:ബലാൽസംഗ ശ്രമത്തിനിടെ വയോധികയെ കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിയിൽ ഞെട്ടലോടെ നാട്ടുകാർ. എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
പ്രതി കൃത്യം നടത്തിയത് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാലാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.
പ്രതിയെ വെറുതെവിട്ട ഡിവിഷൻ ബെഞ്ച്, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് കണ്ടെത്തി. പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊലപ്പെടുത്തിയ കേസിലാണ് ആസാം സ്വദേശി പരിമൾ സാഹുവിനെ കുറ്റവിമുക്തനാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 മാർച്ച് 19നായിരുന്നു സംഭവം. പുത്തൻവേലിക്കര സ്വദേശിനി 60 വയസുളള മോളി പടയാട്ടിലാണ് കൊല്ലപ്പെട്ടത്. ബലാൽസംഗ ശ്രമത്തിനിടയിലെ കൊലപാതകം എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
മോളിയുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്ന ആസാം സ്വദേശി പരിമൾ സാഹുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റുചെയ്തു. സംഭവം ദിവസം രാത്രി മദ്യപിച്ചെത്തിയ ഇയാൾ അറുപത് വയസുളള മോളിയെ കടന്നുപിടിച്ചെന്നും എതിർത്തപ്പോൾ ശ്വാസം മുട്ടിച്ചുകൊന്നെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ.
2021മാർച്ചിലാണ് പ്രതിയ്ക്ക് വധശിക്ഷ നൽകി വടക്കൻ പറവൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. പരിമൾ സാഹുവാണ് കൃത്യം നടത്തിയത് എന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.
മോളിയുടെ വീട്ടുമുറ്റത്ത് താമസിച്ചിരുന്നയാളാണ് പ്രതി. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകൾ അടക്കം പ്രതി കുറ്റക്കാരനെന്ന് തെളിയിക്കാനായില്ലെന്നും ഉത്തരവിലുണ്ട്. ജയിലിൽ കഴിയുന്ന പ്രതിയെ മറ്റ് കേസുകളില്ലെങ്കിൽ ഉടൻ മോചിപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന കണ്ടെത്തലോടെയായിരുന്നു വിചാരണക്കോടതി പ്രതിയ്ക്ക് നേരത്തെ വധശിക്ഷ നൽകിയത്.



