
കൊച്ചി: അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ഹെറോയിനുമായി രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ അസം സ്വദേശിയായ സ്ത്രീ അടക്കമാണ് പിടിയിലായത്. അസാം സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹർ (25) എന്നിവരാണ് പിടിയിലായത്. പോഞ്ഞാശ്ശേരി പട്ടിപ്പാറയിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ ബാഗിനുള്ളിൽ 14 ബോക്സുകളിൽ ആയിട്ടാണ് 30 ലക്ഷം രൂപ വില വരുന്ന ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
എ എസ് പി ഹർഥിക്ക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
150 ഗ്രാം ഹെറോയിൻ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിയ പ്രതികൾ അവിടെ നിന്ന് ഓട്ടോറിക്ഷയിൽ പോഞ്ഞാശേരി ഭാഗത്ത് എത്തുകയായിരുന്നു.
അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ലഹരിവസ്തുക്കൾ കൊണ്ടുവരുന്നത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറെ നാളുകളായി പെരുമ്പാവൂരിൽ പോലീസിന്റെ ഭാഗത്തുനിന്നും വലിയ പരിശോധനകളാണ് നടത്തിവരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group