
കൊച്ചി: കൊച്ചി നഗരത്തിൽ ഇനി വെളിച്ചത്തിന്‍റെ വിസ്മയം. നഗരത്തിന് തെളിച്ചമായി 40,400 സ്‌മാർട്ട് എൽഇഡി തെരുവുവിളക്കുകൾ പ്രകാശിച്ചു. കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്‍റെ (സിഎസ്‌എംഎൽ) സഹകരണത്തോടെയാണ് 30 കോടി ചെലവിൽ പുതിയ സ്‌മാർട്ട് എൽഇഡി തെരുവുവിളക്ക് സ്ഥാപിച്ചത്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ 2263 പ്രദേശിക റോഡുകളിലും 102 പ്രധാന റോഡുകളിലും 223 ചെറിയ റോഡുകളിലും മൂന്ന് സംസ്ഥാന പാതയിലും മൂന്ന് ദേശീയ പാതയിലുമാണ് എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
എൽഇഡി ലൈറ്റുകൾ കാര്യക്ഷമമാണ് എന്നതിനാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കഴിയും. കാർബൺ ബഹിർഗമനം കുറയ്ക്കാനും സഹായിക്കും. കൊച്ചി നഗരസഭയുടെ വൈദ്യുതി ബില്ലിൽ പ്രതിമാസം 75 ലക്ഷം രൂപയുടെയെങ്കിലും കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ഒരു വർഷം 10 കോടിയോളം രൂപ ലാഭിക്കാൻ കഴിയും. നേരത്തെ ലൈറ്റ് ഇടുന്നത് കരാറുകാർ ആയിരുന്നു. ലൈറ്റ് റിപ്പയർ ചെയ്യാൻ അവർക്ക് വലിയ തുകയാണ് നൽകിക്കൊണ്ടിരുന്നത്. ഇതിനും മാറ്റം വരുകയാണ്.
മെയിന്‍റനൻസ് പൂർണമായും ലൈറ്റുകൾ സ്ഥാപിച്ച കരാറുകാരൻ ആയിരിക്കും ചെയ്യുക. 40,400 ലൈറ്റുകളും സ്ഥാപിച്ചു കഴിഞ്ഞു. റിപ്പയറിംഗ് മുന്നോട്ടു പോവുകയാണ്. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ നഗരത്തിൽ എല്ലാ സ്ഥലങ്ങളിലും പരിപൂർണ്ണമായ ലൈറ്റിംഗ് സംവിധാനവും 24 മണിക്കൂറിനകം തകരാറുകൾ പരിഹരിക്കാനുള്ള സംവിധാനവും പൂർണമാകും.