
കൊച്ചി: കേരളതീരത്തുനിന്നു 14.6 നോട്ടിക്കൽ മൈൽ മാത്രം അകലെ എംഎസ്‌സി എൽസ–3 എന്ന ചരക്കുകപ്പൽ കണ്ടെയ്നറുകൾ സഹിതം മുങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അപകടവും കണ്ടെയ്നറുകളിലെ ഉള്ളടക്കവും സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല.
കരയ്ക്കടിഞ്ഞതും കപ്പലിൽ ശേഷിക്കുന്നതുമായ കണ്ടെയ്നറുകളിൽ എന്തെല്ലാം രാസവസ്തുക്കളാണുണ്ടായിരുന്നതെന്ന പൂർണ വിവരം പുറത്തുവിടാത്തതിന്റെ ആശങ്ക മത്സ്യമേഖലയിലുണ്ട്. നടപടിക്രമം സങ്കീർണമായതിനാൽ നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ശ്രമം എത്രകണ്ടു വിജയിക്കുമെന്നതിൽ ഉറപ്പില്ല.
തീരദേശപൊലീസിനു കേസെടുക്കാൻ നിയമപ്രകാരം കഴിയുമെന്നിരിക്കെ, കാത്തിരിക്കാമെന്ന നിലപാടിലാണു സംസ്ഥാന സർക്കാർ.
കപ്പൽ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജൻസികളും മടിക്കുന്നു. ഇതിനിടെ, കേരളത്തിനു സമീപത്തെ കപ്പൽച്ചാലിൽ 51 മീറ്റർ ആഴത്തിൽ മുങ്ങിക്കിടക്കുന്ന കപ്പൽ നീക്കം ചെയ്യാൻ മാസങ്ങളെടുക്കുമെന്ന വിവരവും ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കപ്പലപകടത്തിന്റെ കാരണം കണ്ടുപിടിക്കേണ്ട ചുമതല ഡയറക്ടർ ജനറൽ ഷിപ്പിങ്ങിനാണെങ്കിലും കണ്ടെയ്നറുകളിലെ ചരക്ക്, അതു കടലിലുണ്ടാക്കുന്ന മലിനീകരണം, ലഭിക്കേണ്ട നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചൊന്നും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന പ്രശ്നമുണ്ട്. കേരളതീരത്തുനിന്നു 12 നോട്ടിക്കൽ മൈലിന് അപ്പുറത്താണ് അപകടമെന്നതിനാൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയില്ലെന്ന വാദമാണു സർക്കാരിന്റേത്. കേസെടുക്കുന്ന കാര്യം തെളിവു ലഭിച്ചശേഷം നോക്കാമെന്നാണു നിലപാട്.
എന്നാൽ 2016 ൽ കേന്ദ്രമിറക്കിയ വിജ്ഞാപനം അനുസരിച്ചു ഫോർട്ട് കൊച്ചി തീരദേശ പൊലീസ് സ്റ്റേഷന് എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലും (200 നോട്ടിക്കൽ മൈൽ വരെ) നിയന്ത്രണങ്ങളോടെ ഇടപെടാൻ കഴിയുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.