പാർക്കിംഗിനെ ചൊല്ലി തർക്കം: 73 വയസ്സുള്ള സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് ആലുവ പോലീസ്

Spread the love

കൊച്ചി: കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ആലുവ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം എറണാകുളം ജില്ലാ കോഡിനേറ്റർ ഇജാസിന് എതിരെയാണ് കേസ്. 73 വയസ്സുള്ള സെക്യൂരിറ്റി ജീവനക്കാരൻ ബാലകൃഷ്ണനെയാണ് ഇജാസ് മർദ്ദിച്ചത്. ഇക്കഴിഞ്ഞ പതിനാലാം തീയതി ഉണ്ടായ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

കൊച്ചിൻ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബാലകൃഷ്ണൻ. കാർ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നും സ്കൂട്ടർ നീക്കിവെക്കണമെന്നുമാണ് സ്കൂട്ടർ യാത്രക്കാരനോട് പറഞ്ഞത്. എന്നാൽ ഈ സമയത്ത് സ്ഥലത്തെത്തിയ ഇജാസ് നീ എന്താണ് പറയുന്നതെന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് ബാലകൃഷ്ണൻ വിശദീകരിച്ചു. നേരത്തെ ഇജാസ് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ആ വൈരാഗ്യത്തിൽ മർദ്ദിക്കുകയായിരുന്നുവെന്നാണ് സൂചന.