
കൊച്ചിയില്‍ യുവതികളെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച സംഭവം: പൊലീസ് അന്വേഷണം ആരംഭിച്ചു…
സ്വന്തംലേഖകൻ
കോട്ടയം : കൊച്ചി പനമ്പിള്ളി നഗറില്‍ കൂട്ടുകാരിയുമൊത്തു സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ പെട്രോള്‍ ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ തേവര പൊലീസ് കേസെടുത്തു. കണ്ടാല്‍ തിരിച്ചറിയാത്ത ബൈക്ക് യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു പനമ്പള്ളി നഗറില്‍ വെച്ചാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ ഏവിയേഷന്‍ പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബൈക്കില്‍ ഹെല്‍മെറ്റ് വെച്ച ഒരാള്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഹെല്‍മെറ്റ് വെച്ചിരുന്നതിനാല്‍ ഇയാളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നും പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.
ഭയന്നു പോയ യുവതികള്‍ നിലവിളിച്ചതോടെ അക്രമി തീ കൊളുത്തല്‍ ശ്രമം ഉപേക്ഷിച്ചു സ്ഥലം വിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 22 വയസുള്ള യുവതിയെ കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.മലയാളിയാണെങ്കിലും ഊട്ടിയിലാണ് യുവതിയുടെ കുടുംബം താമസിക്കുന്നത്. കൊച്ചിയില്‍ പഠനത്തിനൊപ്പം പാര്‍ട്ട്ടൈം ജോലിയും ചെയ്യുന്നുണ്ട്. ദൃക്‌സാക്ഷികളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട് കീലര്‍ പറഞ്ഞു.