
കൊച്ചി: കൊച്ചിയിൽ ട്രെയിനിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ പിടിയിൽ. വിദ്യാർത്ഥികളെ എറണാകുളം ജുവന്യൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ മാതാപിതാക്കളോടൊപ്പം ഹാജരാക്കി. ജുവന്യൽ ജസ്റ്റിസ് ബോർഡ് കുട്ടികളെ അടുത്ത 15 ദിവസത്തേക്ക് കാക്കനാട് ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി.
മുതിർന്നവരെങ്കിൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണിത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനും കളമശ്ശേരി റെയിൽവേ സ്റ്റേഷനും ഇടയിലുണ്ടായ കല്ലേറിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.