
പുഴുവരിച്ച മീന്‍ വളമാക്കാന്‍ കൊണ്ടുവന്നത്; റോഡരികില്‍ നിര്‍ത്തിയിട്ടത് വണ്ടി ബ്രേക്ക്ഡൗണായത് മൂലമെന്ന് കണ്ടെയ്നര്‍ ഉടമ; മരട് നഗരസഭയ്ക്ക് കത്ത് നല്‍കി
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം മരടില്‍ നിന്ന് പിടികൂടിയ പുഴുവരിച്ച മീന്‍ വളമാക്കാന്‍ കൊണ്ടുവന്നതെന്ന് കണ്ടെയ്നര്‍ ഉടമ.
വണ്ടി ബ്രേക്ക്ഡൗണായത് നിമിത്തം റോഡരികില്‍ നിര്‍ത്തിയിട്ടതാണ്. ഡ്രൈവര്‍മാരുടെ ഫോണ്‍ ഓഫായത് മൂലം ബന്ധപ്പെടാനായില്ല. പിഴയടച്ച് വാഹനം തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നും ഉടമ രേഖാമൂലം മരട് നഗരസഭയ്ക്ക് കത്ത് നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടമ നിയോഗിച്ച ആലപ്പുഴ സ്വദേശിയാണ് നഗരസഭയില്‍ ഹാജരായി കത്ത് നല്‍കിയത്. എറണാകുളം മരടില്‍ നിന്ന് 6,000 കിലോ പുഴുവരിച്ച മീന്‍ ആണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
വിജയവാഡ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കണ്ടെയ്നറുകളിലാണ് മീന്‍ കണ്ടെത്തിയത്. ലക്ഷ്മി പ്രസാദിന്‍റേതാണ് പുഴുവരിച്ച മീന്‍കൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളും. പിഴയടച്ച് വാഹനം കൊണ്ടുപോകാന്‍ ഏജന്‍റിനെ അയക്കാമെന്ന് അറിയിച്ചെങ്കിലും ഉടമ നേരിട്ടെത്താതെ വാഹനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മരട് നഗരസഭ.
പിടിച്ചെടുത്തവയില്‍ ഒരു മാസത്തോളം പഴക്കമുള്ള മീനുകളുമുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. മീന്‍ പെട്ടികളിലെ രേഖപ്പെടുത്തല്‍ അനുസരിച്ച് ബംഗളൂരു ആസ്ഥാനമായ പ്രമുഖ സീഫുഡ് കമ്പനിയുടേതാണ് മീന്‍.
മരടില്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നറുകളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാര്‍ കണ്ടെയ്നര്‍ തുറന്നതോടെ ഞെട്ടി.
രണ്ട് കണ്ടെയ്നറുകളില്‍ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്. ചീഞ്ഞ മീനില്‍ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുര്‍ഗന്ധവുമുണ്ടായി. ഒരു കണ്ടെയ്നറില്‍ 100 പെട്ടി മീനും മറ്റൊന്നില്‍ 64 പെട്ടി മീനുമാണ് ഉണ്ടായിരുന്നത്.