
കൊച്ചി: കൊച്ചി മേയർ വി കെ മിനിമോൾക്കെതിരായി ഉയർന്ന അഴിമതി ആരോപണത്തിൽ നിർണായക രേഖകൾ പുറത്തുവന്നു. 2021ൽ കൗൺസിലറായിരിക്കെ റോഡ് നിർമാണത്തിനായി സ്വകാര്യ ഫ്ലാറ്റ് നിർമാണ കമ്പനിയിൽ നിന്ന് 3 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. എന്നാൽ അതേ സമയം റോഡ് പണി കോർപ്പറേഷൻ ഫണ്ടിൽ നിന്നാണ് നടത്തിയത് എന്നതും അന്വേഷണത്തിൽ വ്യക്തമായി.
പാലാരിവട്ടം കളവത്ത് ക്രോസ് റോഡിലെ കെ ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് സംഭവം. 2018ൽ റോഡ് തകർന്നതിനെ തുടർന്ന് മിനിമോൾ ഇടപെട്ട് പുനർനിർമാണം ഉറപ്പു നൽകി. ഇതിനായി കമ്പനി മുമ്പ് നൽകിയ തുക തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അസോസിയേഷൻ വഴി 3 ലക്ഷം രൂപ മിനിമോൾക്ക് കൈമാറുകയായിരുന്നു. തുടർന്ന് ബാക്കി 2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
സംശയം തോന്നിയ അസോസിയേഷൻ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ റോഡ് പണിയുടെ മുഴുവൻ ചെലവും കോർപ്പറേഷൻ വഹിച്ചതായി കണ്ടെത്തി. ഇതോടെ പരാതി ഉയർന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. 2021ൽ തുക തിരികെ നൽകിയെങ്കിലും, അഴിമതിപ്പണം തിരിച്ചുനൽകിയത് കൊണ്ട് കേസ് അവസാനിക്കില്ലെന്ന് വിജിലൻസ് കോടതിയിൽ വ്യക്തമാക്കി; പ്രോസിക്യൂഷൻ അനുമതി മൂന്ന് മാസത്തിനകം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


