
സ്വന്തം ലേഖകൻ
കൊച്ചി : വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയുടേതാണ് നടപടി.
എന്നാൽ ആരോപണം ലേക് ഷോർ ഹോസ്പിറ്റൽ നിഷേധിച്ചു. എബിന് കൃത്യമായ ചികിത്സ നൽകിയെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് എബിൻ ആശുപത്രിയിൽ പ്രവേശിച്ചത്. മസ്തിഷ്കത്തിന് കേടുപാട് വരുന്ന തരത്തിൽ ആയിരുന്നു മുറിവ്. ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ഹോസ്പിറ്റൽ അധികൃതർ വിശദീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്.
അവയവദാനത്തിന്റെ നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് യുവാവിന്‍റെ അവയവങ്ങള്‍ മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി.
മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.