
പെറ്റി കേസുകളിലെന്നപോലെ; സമൻസ് കേസുകളിലും പ്രതിയെ കണ്ടെത്താനാവില്ലെന്ന് പൂര്‍ണ ബോധ്യമുള്ള സാഹചര്യത്തില്‍, കേസുകളിലെ നടപടികള്‍ അവസാനിപ്പിക്കാൻ മജിസ്ട്രേറ്റിന് അധികാരമുണ്ടെന്ന് ഹൈകോടതി.
കൊച്ചി : പ്രതിയുടെ സാന്നിധ്യം അസാധ്യമായ കേസുകളിലെ നടപടികള്‍ മജിസ്ട്രേറ്റുമാര്‍ക്ക് അവസാനിപ്പിക്കാം എന്ന് ഹൈകോടതി ഉത്തരവിട്ടു. വിലാസം അപൂര്‍ണമോ വ്യാജമോ ആണെങ്കില്‍ പ്രതിയെ കണ്ടെത്തുകയെന്നത് അപ്രായോഗികമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
പ്രതികളെ കണ്ടെത്തി കോടതിയില്‍ സാന്നിധ്യം ഉറപ്പാക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ മാത്രം 1.59 ലക്ഷം കേസുകള്‍ മജിസ്ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യം പരിഗണിച്ച് വിഷയം തീര്‍പ്പാക്കാൻ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ശിപാര്‍ശ ചെയ്തത് പ്രകാരം സ്വമേധയാ എടുത്ത ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പ്രതികളുടെ വിലാസം കൃത്യമല്ലാത്തതടക്കം ഗുരുതര അപാകതകള്‍ മൂലം തുടര്‍ നടപടികള്‍ അസാധ്യമായ അവസ്ഥയില്‍ പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ അവസാനിപ്പിക്കാൻ മജിസ്ട്രേറ്റിന് വിവേചനാധികാരം നല്‍കുന്ന ക്രിമിനല്‍ നടപടിക്രമം 258 ബാധകമാക്കുന്നത് സംബന്ധിച്ചാണ് കോടതി പരിശോധിച്ചത്.
പെറ്റി കേസുകളില്‍ മാത്രമല്ല, സമൻസ് കേസുകളുടെ കാര്യത്തിലും പ്രതിയെ ഹാജരാക്കാൻ ഒരു സാധ്യതയുമില്ലെന്നിരിക്കെ വിചാരണയുടെ ഏത് ഘട്ടത്തില്‍ പോലും കേസിലെ നടപടികള്‍ അവസാനിപ്പിക്കാൻ സി.ആര്‍.പി.സി 258 പ്രകാരം അധികാരമുണ്ടെന്ന വാദവും ഉയര്‍ന്നു. സമൻസ് കേസിലാണെങ്കിലും കൂടുതല്‍ കാലം ദീര്‍ഘിപ്പിച്ച് കൊണ്ടുപോകാൻ മജിസ്ട്രേറ്റ് ബാധ്യസ്ഥനല്ല. കേസുകള്‍ കുന്നുകൂടുന്നത് തടയുകയും കോടതികളുടെ സമയം പാഴാക്കുന്നത് ഒഴിവാക്കുകയും സാമ്ബത്തിക നഷ്ടം കുറക്കുകയുമാണ് സി.ആര്‍.പി.സി 258 പ്രകാരമുള്ള നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന വാദവുമുയര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇത്തരത്തില്‍ കേസ് അവസാനിപ്പിക്കുന്നത് പ്രതിയെ കുറ്റമുക്തമാക്കുന്നതിന് തുല്യമാണെന്ന് വിലയിരുത്തിയ കോടതി, അസാധാരണവും അപൂര്‍വവുമായ സാഹചര്യത്തിലേ മജിസ്ട്രേറ്റുമാര്‍ ഈ അധികാരം വിനിയോഗിക്കാവൂവെന്ന് വ്യക്തമാക്കി. ഒരിക്കല്‍ വിചാരണ തുടങ്ങിയാല്‍ ശിക്ഷിക്കുന്നതിലോ വെറുതെവിടലിലോ അത് അവസാനിക്കണമെന്നാണ് നിയമം. എന്നാല്‍, ഇതില്‍നിന്ന് ഇളവ് അനുവദിക്കുന്നതാണ് സി.ആര്‍.പി.സി 258 പ്രകാരമുള്ള അധികാരം.
യുക്തിസഹമായി മനസ്സിരുത്തി സാഹചര്യങ്ങളും വസ്തുതകളും പരിഗണിച്ചും കാരണം രേഖപ്പെടുത്തിയും വേണം അധികാരം നടപ്പാക്കാൻ. പ്രതി ഒളിവിലായ സാഹചര്യത്തിലോ സമൻസ് പറ്റാതിരിക്കാൻ ശ്രമം നടത്തുന്ന കേസിലോ ഈ ഇളവ് സാധ്യമല്ല. മജിസ്ട്രേറ്റുമാര്‍ ഈ അധികാരം വിനിയോഗിക്കുന്നതിന് പ്രതിയെ കണ്ടെത്താൻ പരമാവധി ശ്രമിച്ചിട്ടും കണ്ടെത്താനായില്ലെന്ന പ്രോസിക്യൂഷൻ റിപ്പോര്‍ട്ടുണ്ടാകണം. പ്രോസിക്യൂഷൻ പരമാവധി ശ്രമിച്ചുവെന്ന് കോടതിക്ക് ബോധ്യപ്പെടുകയും വേണം.
പ്രതിയെ കണ്ടെത്താൻ മുടക്കേണ്ടിവരുന്ന തുക കുറ്റകൃത്യത്തിന്‍റെ ശിക്ഷയായി ലഭിക്കുന്ന തുകയെക്കാള്‍ മൂല്യമേറിയാണെന്ന് ബോധ്യപ്പെട്ടാലും മജിസ്ട്രേറ്റുമാര്‍ക്ക് ഈ അധികാരം ഉപയോഗിക്കാം. സമൻസ് കേസുകളിലും എല്ലാ ശ്രമവും നടത്തിയിട്ടും പ്രതിയെ മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കാൻ സാധ്യമായില്ലെന്ന് ബോധ്യപ്പെട്ടാലും ഈ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറി നന്ദഗോപാല്‍ എസ്. കുറുപ്പ്, സീനിയര്‍ ഗവ. പ്ലീഡര്‍ എസ്.യു. നാസര്‍ എന്നിവരാണ് കേസില്‍ ഹാജരായത്.