
കൊച്ചി: കാക്കനാട് ഓക്‌സ്ഓനിയ ഫ്‌ളാറ്റിലെ 16-ാം നിലയിൽ കോൺക്രീറ്റ് ദ്വാരത്തിനുള്ളിൽ (പൈപ്പ് ഡക്ട്) യുവാവിന്റെ മതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. ഒന്നിലേറെ പേർ ചേർന്ന് നടന്ന ലഹരി പാർട്ടിയാണോ പ്രശ്‌നമായതെന്നും സംശയമുണ്ട്.
മലപ്പുറം സ്വദേശി അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ.സജീവ് കൃഷ്ണൻ (23) ആണ് മരിച്ചത്. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സുഹൃത്ത് കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കൈകാലുകൾ പ്‌ളാസ്റ്റിക് കവറുകൾകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. നെഞ്ചിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ഫ്‌ളാറ്റുകളിൽ വാട്ടർ, വേസ്റ്റ് പൈപ്പുകൾ താഴേക്ക് എത്തിക്കുന്ന, ചുമരിനോട് ചേർന്നുള്ള കോൺക്രീറ്റ് ദ്വാരത്തിലാണ് അഴുകിത്തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു കഴിയാതെ വന്നതോടെ ഫ്‌ളാറ്റ് പൂട്ടി പോകുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്. ഒപ്പം താമസിച്ചിരുന്ന യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇൻഫോപാർക്കിനു സമീപത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്നു മരിച്ച സജീവ്. അമ്മ: ജിഷ. സഹോദരൻ: രാജീവ്. അർഷാദിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതിയെന്ന് സംശയിക്കുന്ന കാണാതായ അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് ഇന്നലെ വൈകിട്ടെന്ന് പൊലീസ് പറയുന്നു. കൊലപാതകം പുറത്തറിഞ്ഞതോടെയാണ് അർഷാദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത്. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോൺ ഓഫായതെന്നും പൊലീസ് പറയുന്നു. അർഷാദിനായി ബന്ധുവീടുകളിൽ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയിൽ ആണെന്നും എഫ് ഐ ആറിൽ പറയുന്നു
മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് സജീവ് ഇവിടെ താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു സുഹൃത്താണ് അർഷാദ്. ഇയാൾ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട്. മൂന്ന് സുഹൃത്തുക്കളിൽ രണ്ടുപേർ കഴിഞ്ഞ ദിവസം ടൂറിനും മറ്റൊരാൾ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടർന്നാണ് അർഷാദ് ഇവിടെ എത്തിയത്. തിങ്കളാഴ്ച പുലർച്ചെ ടൂർ പോയവർ മടങ്ങിയെത്തിയെങ്കിലും ഫ്‌ളാറ്റ് അടഞ്ഞ നിലയിലായിരുന്നു.
സമീപത്ത് റൂമെടുത്ത് താമസിച്ച ഇവർ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയിൽതന്നെയായിരുന്നു. സജീവനെ ഫോണിലും കിട്ടിയില്ല. തുടർന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചു. കിടപ്പുമുറിയിൽ രക്തം തളംകെട്ടി കിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോൺക്രീറ്റ് ദ്വാരത്തിലെ ഇരുമ്പുവാതിൽ തുറന്ന് മൃതദേഹം തള്ളിയശേഷം അതുപോലെ അടച്ച നിലയിലായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.
ഫ്ളാറ്റിൽ നിന്ന് സ്ഥിരമായി മദ്യപാനവും മറ്റും നടക്കുന്നതിനാൽ ഇവരോട് റൂം മാറാൻ ആവശ്യപ്പെട്ടിരുന്നതായി ഫ്ളാറ്റ് ഉടമ പറഞ്ഞു. കോട്ടയം സ്വദേശി ജിജി ഈപ്പന്റെ പേരിലുള്ളതാണ് ഫ്ളാറ്റ്. റൂമിൽ നിന്ന് കഞ്ചാവും കണ്ടെടുത്തതോടെ ലഹരിയും കൊലയ്ക്ക് കാരണമായെന്ന വിലയിരുത്തൽ സജീവമാണ്.



