
കൊച്ചി: രണ്ട് പാലങ്ങള്‍ തകരാറിലായ കൊച്ചി കണ്ടെയ്നര്‍ റോഡില്‍ അനാസ്ഥ തുടരുന്നു. 17 കിലോമീറ്റര്‍ ദേശീയ പാതയില്‍ എവിടെയും ഇതുവരെ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. ടാറിങ്ങിലെ അശാത്രീയത കാരണം നടുവൊടിഞ്ഞാണ് ഡ്രൈവിംഗ്. ലക്ഷങ്ങള്‍ ടോള്‍ പിരിക്കുന്ന പാതയിലെ അനാസ്ഥക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എംപി അടക്കമുള്ളവര്‍. ഒറ്റത്തവണ യാത്ര ചെയ്യാന്‍ ഇരുന്നൂറിന് മുകളിലാണ് വലിയ വാഹനങ്ങള്‍ ടോളൊടുക്കേണ്ടത്.
പണം നഷ്ടമായതിന്‍റെ വേദനയില്‍ ഈ ദേശീയ പാതയില്‍ പ്രവേശിച്ചാലാകട്ടെ കുലുങ്ങി കുലുങ്ങിയുള്ള യാത്രയാണ് കാത്തിരിക്കുന്നത്. കണ്ടെയ്നര്‍ റോഡ് തുറന്നുകൊടുത്തത് മുതല്‍ ഉയർന്നു കേള്‍ക്കുന്ന പരാതിയാണ് ടാറിങ്ങിലെ അശാസ്ത്രീയത. ചതുപ്പ് നിറഞ്ഞ ഭൂപ്രദേശത്ത് നിര്‍മിച്ച റോഡിലെ കയറ്റിറങ്ങള്‍ ഡ്രൈവര്‍മാരെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്. സൂര്യനസ്തമിച്ചാല്‍ കൂരാകൂരിരുട്ടില്‍ വേണം ഇതുവഴി കടന്നുപോകാന്‍.
വഴിയറിയാതെ അപകടത്തില്‍പ്പെടുന്നവര്‍ നിരവധിയാണ്. റോഡ് മുറിച്ചു കടന്ന നായയെ തട്ടി തെറിച്ചുവീണ ബൈക്ക് യാത്രികന്‍ മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വെളിച്ചക്കുറവുകാരണം നായയെ കണ്ടില്ല. ഇതാണ് അപകടത്തിന് കാരണമായത്. കണ്ടെയ്നര്‍ റോഡെന്ന് പേരെങ്കിലും വലിയ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പോലും നിര്‍ത്താന്‍ അനുമതിയില്ല. ആവശ്യത്തിന് സ്ഥലവുമില്ല. ഇതിനൊപ്പമാണ് പാലത്തിലെ തകരാറും ഗതാഗത നിയന്ത്രണവും വന്നിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group