
കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ട സംഭവം; ബസ് ഡ്രൈവറുടെ കുറ്റമെന്ന് പൊലീസ്; ഇനി ഒരു മരണം റോഡില്‍ അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ കൊച്ചിയില്‍ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കേരള ഹൈക്കോടതി.
സംഭവം ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി കോടതിയില്‍ പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി ഒരു മരണം റോഡില്‍ അനുവദിക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. കൊച്ചിയില്‍ മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടം.
സിഗ്നലില്‍ നിന്ന് അമിത വേഗതയില്‍ മുന്നോട്ടെടുത്ത ബസ് ഇടത് വശം ചേര്‍ന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. വൈപ്പിന്‍ സ്വദേശി ആന്‍റണി (46) തത്ക്ഷണം മരിച്ചു. കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനിലായിരുന്നു അപകടം.
അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാവൂ.
കേസ് പരിഗണിക്കുന്നതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതി തുറന്ന മുറിയില്‍ കണ്ടു. ഫ്രീ ലെഫ്റ്റ് സംവിധാനം തീരെ ഇല്ലെന്ന് കോടതി വിലയിരുത്തി.