
ക്ഷേമ പെൻഷൻ കൂട്ടുമോ? വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ; ഒട്ടേറെ ക്ഷേമ, വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ഉറപ്പ് ; ബജറ്റിന് മുന്നോടിയായി സന്തോഷവാർത്ത പങ്കുവച്ച് ധനമന്ത്രിയുടെ പോസ്റ്റ്
തിരുവനന്തപുരം : ഒട്ടേറെ ക്ഷേമ, വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാനിടയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന അവലോകനവും ഇന്നാണു സഭയിൽ വയ്ക്കുക.
ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധന പ്രതീക്ഷിക്കുന്നു. 150 രൂപ വർധിപ്പിച്ച് പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മന്ത്രിക്കു മുന്നിലുണ്ട്. പദ്ധതി വിഹിതത്തിൽ 10% വർധന തീരുമാനിച്ചിട്ടുള്ളതിനാൽ ഒട്ടേറെ പുതിയ പദ്ധതികൾ ഉൾപ്പെടുമെന്നുറപ്പ്.
കേന്ദ്ര സർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ലാത്ത വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ മുൻഗണനയുണ്ടാകും. വികസനത്തിനു പ്രത്യയശാസ്ത്രം പ്രശ്നമല്ലെന്ന നിലപാടിലേക്കു സർക്കാർ മാറിയതിനാൽ നയംമാറ്റം പ്രകടമാകുന്ന നിക്ഷേപ പദ്ധതികളും ഉൾപ്പെടുത്തിയേക്കും. സർക്കാരിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതിനാൽ ഒരു വർഷം കൊണ്ടു പൂർത്തിയാക്കുന്ന പദ്ധതികളും അവതരിപ്പിക്കാനിടയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബജറ്റിന് മുന്നോടിയായി ധനമന്ത്രിയുടെ പോസ്റ്റ്:
ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.
സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു.
ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്.
നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും.
എല്ലാവർക്കും ശുഭദിനം